ഏപ്രിൽ 25 മുതൽക്കുള്ള യാത്രാവിലക്ക്: യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യോമയാന സർവീസുകൾ തുടരുമെന്ന് NCEMA

UAE

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി (NCEMA) കൂടുതൽ വ്യക്തത നൽകി. ഏപ്രിൽ 23-ന് രാത്രിയാണ് NCEMA ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയത്. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, ഇന്ത്യയിൽ നിന്ന് യു എ ഇ ദേശീയ വിമാനക്കമ്പനികളുടെ വിമാനങ്ങൾ ഉപയോഗിച്ചോ, മറ്റു വിമാനങ്ങൾ ഉപയോഗിച്ചോ ഉള്ള യാത്രാ സർവീസുകൾക്ക് ഏപ്രിൽ 24-ന് രാത്രി 11.59 മുതൽ യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. എന്നാൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്ന വിമാന സർവീസുകൾക്ക് ഈ വിലക്ക് ബാധകമാക്കിയിട്ടില്ലെന്ന് NCEMA അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ, പ്രത്യേക ഇളവ് അനുവദിച്ചിട്ടുള്ള യാത്രികരെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്കും പ്രവേശനാനുമതി നൽകുമെന്നും NCEMA കൂട്ടിച്ചേർത്തു. യു എ ഇ പൗരന്മാർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സന്ദർശകർ, ഗോൾഡൻ വിസകളിലുള്ളവർ, ബിസിനസ് ഫ്ലൈറ്റുകൾ എന്നിവയ്ക്കാണ് ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങളോടെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്നും, രാജ്യത്തേക്ക് പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽവെച്ച് PCR ടെസ്റ്റ്, 10 ദിവസത്തെ ക്വാറന്റീൻ എന്നിവ ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള മുഴുവൻ വിമാനങ്ങൾക്കും താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി NCEMA ഏപ്രിൽ 22-ന് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പുറമെ, കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഇന്ത്യയിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. ഇന്ത്യയിൽ നിന്ന് യു എ ഇയിലെ സർവീസ് നടത്തുന്ന ട്രാൻസിറ്റ് ഫ്ലൈറ്റുകൾക്കും ഈ വിലക്ക് ബാധകമാണ്. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് യു എ ഇയിലൂടെ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന ട്രാൻസിറ്റ് ഫ്ലൈറ്റുകൾക്ക് ഈ വിലക്ക് ബാധകമല്ല.

മറ്റു രാജ്യങ്ങളിലൂടെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സഞ്ചരിക്കുന്നവർക്ക്, മറ്റു രാജ്യങ്ങളിൽ ചുരുങ്ങിയത് 14 ദിവസം താമസിച്ച ശേഷം മാത്രമാണ് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പത്ത് ദിവസത്തിന് ശേഷം ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ വിലക്കിന്റെ കാലാവധി നീട്ടുമെന്നും അധികൃതർ വ്യക്തമാക്കി.