യു എ ഇ: COVID-19 മുൻകരുതൽ നടപടികൾ പാലിക്കേണ്ടത് മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്വം

UAE

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തേർപെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ വീഴ്ചകൾ കൂടാതെ പാലിക്കേണ്ടത് യു എ ഇയിലെ പൊതു സമൂഹത്തിലെ മുഴുവൻ ആളുകളുടെയും ഉത്തരവാദിത്വമാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹോസാനി ഓർമ്മപ്പെടുത്തി. “വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യപരമായ ശീലങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ കൂടുതൽ അവബോധം വളർത്തേണ്ടത് വളരെയധികം ആവശ്യമായി വന്നിരിക്കുകയാണ്.”, എമിറേറ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവ്, സമൂഹത്തിലെ ഏതാനം ചിലരുടെ ഭാഗത്തുനിന്നുള്ള മാസ്കുകളുടെ ഉപയോഗം, ഹസ്തദാനം ഒഴിവാക്കൽ, സമൂഹ അകലം, സാമൂഹിക സന്ദർശനങ്ങളിലെ നിയന്ത്രണം തുടങ്ങിയ പ്രതിരോധ നിർദ്ദേശങ്ങളോടുള്ള അനാസ്ഥ മൂലമാണെന്ന് അൽ ഹോസാനി അറിയിച്ചു.

“കഴിഞ്ഞ ദിനങ്ങളിൽ 20 മുതൽ 40 വയസ്സുവരെ പ്രായമായവരിലാണ് രോഗവ്യാപനം കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്. ചെറുപ്പക്കാർക്കിടയിൽ രോഗം വ്യാപിക്കില്ലെന്ന തെറ്റായ ധാരണ മൂലമാണിത്.”, 20 മുതൽ 40 വയസ്സുവരെ പ്രായമുള്ളവരുടെ ഇടയിൽ ഉയരുന്ന രോഗവ്യാപനത്തിൽ ആശങ്ക രേഖപെടുത്തികൊണ്ട് അവർ അറിയിച്ചു.

യു എ ഇയിലെ ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി കണ്ടുവരുന്ന വര്‍ദ്ധനവിൽ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സമൂഹ അകലം, സാമൂഹിക സന്ദർശനങ്ങൾ, ഒത്തുചേരലുകൾ എന്നിവയാകാം ഇത്തരത്തിലുള്ള രോഗവ്യാപനത്തിലെ വര്‍ദ്ധനവിനു കാരണമെന്ന് അഭിപ്രായപ്പെട്ട NCEMA, കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് ആവശ്യപ്പെടുകയുണ്ടായി.

തുടർന്ന്, രോഗവ്യാപനത്തിലെ വർദ്ധനവ് തുടരുകയാണെങ്കിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങളും, ശിക്ഷാനടപടികളും തിരികെ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി ഫെഡറൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് പ്രോസിക്യൂഷൻ ആക്ടിങ് ഡയറക്ടർ സാലെം അൽ സാബി മുന്നറിയിപ്പ് നൽകിയിരുന്നു. COVID-19 വ്യാപനം തടയുന്നതിനായി നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാമെന്നും, രോഗവ്യാപനം തടയുന്നതിനായി പൊതുസമൂഹത്തിൽ യോജിപ്പോടെയുള്ള പ്രവർത്തനങ്ങളും, സഹകരണവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.