പൊൻമുടിയിൽ നിന്നും ഏകദേശം രണ്ട് മണിയോടെ ഞങ്ങൾ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. വളവും പുളവും ഉള്ള വഴികളിൽ മഞ്ഞ് മൂടിയും മറഞ്ഞും നിന്നു.
തിരുവനന്തപുരത്തേയ്ക്കുള്ള വഴിയിൽ നിന്ന് ഞങ്ങൾ ചെറുതായി ഒന്ന് മാറി, പട്ടൻകുളിച്ചപാറ എന്ന സ്ഥലത്തേയ്ക്ക് പോയി. അവിടെ കാടിനും നാടിനും ഇടയിലായി ഒരു ചെറിയ വീട്ടിലെ കട. അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിക്കണം എന്നായിരുന്നു പ്ലാൻ.
ഈ കാട്ടിലെ, നാട്ടിലെ കടയിൽ കൂവ ഇലയിലാണ് ഭക്ഷണം വിളമ്പുക. ഒരു ചേട്ടനും ചേച്ചിയും കൂടി നടത്തുന്ന ആ കടയിൽ ഞങ്ങൾ ചെന്നപ്പോളേക്കും ഉച്ച ഭക്ഷണം എല്ലാം തീർന്നിരുന്നു. പിന്നെ ഒരൽപം കപ്പ പുഴുങ്ങി ഞങ്ങൾക്ക് തരാം എന്ന് അവർ പറഞ്ഞു.
കപ്പ എന്നാ മോശമാണോ? കപ്പ മതി എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നു.
ഞങ്ങളുടെ വിശപ്പിന്റെ വിളി മനസ്സിലാക്കിയിട്ടെന്നവണ്ണം അവിടുത്തെ ചേച്ചി കുറച്ച് കപ്പ വേവിച്ചതും ചമ്മന്തിയും ചെനച്ച മാങ്ങയുടെ ഒരു ഐറ്റവും കൊണ്ടുവന്നു തന്നു. ഒന്നും നോക്കിയില്ല, ഞങ്ങൾ അത് വാങ്ങി സന്തോഷത്തോടെ കഴിച്ചു.
വീണ്ടും കുറച്ച് സമയം എടുത്തു കപ്പ പുഴുങ്ങി കിട്ടുവാൻ, പക്ഷെ അതിനിടയിൽ മാങ്ങാ പഴം കിട്ടി; കൂടാതെ കൂവയിലയുടെ കാര്യങ്ങളും അറിഞ്ഞു.
കപ്പ പുഴുങ്ങി വന്നപ്പോൾ കൂടെ ചോറും എത്തി; പിന്നെ തോരനും ചമ്മന്തിയും തൈരും മീൻ വറുത്തതും എല്ലാം. ശരിക്കും ഞങ്ങൾ ആസ്വദിച്ച് കഴിച്ച ഒരു ഉച്ച ഭക്ഷണം ആയിരുന്നു അത്.
ഒരിക്കലും മറക്കില്ല ഈ കാട്ടിലെ നാട്ടിലെ കൂവയിലയിൽ ഊണ്.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്‌ളോഗർ അല്ലെങ്കിൽ ഫുഡ് വ്‌ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്‌ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.