കേരളത്തിലെ സുഖവാസ സ്ഥലങ്ങൾ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് മൂന്നാറും വയനാടും ഒക്കെയാണ്. പക്ഷെ തിരുവനന്തപുരത്തു നിന്ന് വെറും 55 കിലോമീറ്ററുകൾ മാത്രം സഞ്ചരിച്ചാൽ നമുക്ക് എത്തിച്ചേരാവുന്ന ഒരു സുന്ദരം സ്ഥലം ആണ് പൊന്മുടി.
പൊന്മുടി പോവുന്ന വഴി നമുക്ക് മീൻമുട്ടി എന്ന സ്ഥലത്തു പോവാം. അവിടെ കാട്ടിലൂടെ നടന്ന്, പുഴയിൽ കുളിച്ച്, വെള്ളച്ചാട്ടവും കണ്ട്, പറ്റിയാൽ കാട്ടാനകളെയും ഒക്കെ കണ്ട് മടങ്ങാം. അവിടെ ഉള്ള ഫോറസ്ററ് ഗാർഡുകൾക്കാണെങ്കിലും നിഷ്കളങ്കതയുടെ രൂപം ഉണ്ട്.
ഞങ്ങൾ പോയത് മഴക്കാലം തീർത്ത് മാറുന്നതിനു മുൻപായിരുന്നു. നേരിയ മഴചാറ്റലും കൊണ്ട് ഞങ്ങൾ കാട്ടിലൂടെ നടന്നു. യാത്രയുടെ ഇടയിൽ ആണ് ഫോറസ്ററ് ഗാർഡുകൾ ഉച്ചത്തിൽ കൂകി വിളിക്കുന്നത് കേട്ടത്. മറ്റൊന്നും അല്ല, ഒരു പറ്റം കാട്ടാനകൾ പുഴ കടന്നു വരുന്നു. ഗാർഡുകൾ അവരെ പേടിപ്പിച്ച് തിരികെ കാട്ടിലേക്ക് ഓടിക്കുന്നതാണ് കാഴ്ച.
ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്ന് മീൻമുട്ടി വെള്ളച്ചട്ടത്തിന് അടുത്തു എത്തി. അവിടെ ഒരു ആദിവാസി ചേട്ടൻ ആണ് ഗാർഡ്. ആ ചേട്ടനോട് സംസാരിച്ചപ്പോൾ, അദ്ദേഹം നന്നായി നാടൻ പാട്ട് പാടുമെന്ന് അറിഞ്ഞു. അങ്ങനെ ആ ചേട്ടന്റെ നാടൻ പാട്ടും കേട്ട് ഞങ്ങൾ പൊന്മുടി യാത്ര തുടർന്നു.
പൊന്മുടി എന്ന് പറയുമ്പോൾ, ഇപ്പോഴും എന്റെ മനസ്സിൽ അന്ന് കണ്ട പുല്ലു നിറഞ്ഞ കുന്നുകളാണ്. മഞ്ഞിൽ മൂടിയും തെളിഞ്ഞും നിൽക്കുന്ന കുന്നുകൾ. ഈ കുന്നുകളിൽ കാറ്റ് വീശുമ്പോൾ നീളമുള്ള പുല്ലുകൾ ആ കാറ്റിൽ ആടി ഉലയുന്നതു കാണുവാനും രസമാണ്. പക്ഷെ, ഇത് ഒക്കെ പൊന്മുടിയുടെ ദൃശ്യ സൗന്ദര്യം മാത്രം ആണ്. പൊന്മുടിയുടെ രുചി വിശേഷങ്ങളും ഉണ്ട്. അത് അടുത്ത വാരം ആവാം.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്‌ളോഗർ അല്ലെങ്കിൽ ഫുഡ് വ്‌ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്‌ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.