പഴങ്കഞ്ഞി നമ്മൾ മലയാളികൾക്ക് ഒരു വികാരം ആണെങ്കിൽ, പൊതിച്ചോറ് ഒരു നൊസ്റ്റാൾജിയ ആണ് എന്ന് പറയാം അല്ലെ? പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അമ്മ പൊതിഞ്ഞു തന്നിരുന്ന ചോറിൽ അധികം കറികൾ ഒന്നും ഇല്ലെങ്കിൽ പോലും അതിന്റെ രുചിയോടു പിടിച്ചു നിൽക്കാൻ ഒരു ബിരിയാണിക്കും പറ്റില്ല.
ഞങ്ങളുടെ രാമേശ്വരം യാത്രയുടെ രണ്ടാം ദിവസമായിരുന്നു അന്ന്. രാവിലെ തന്നെ പഴങ്കഞ്ഞി കുടിച്ചു, മനസ്സും വയറും നിറഞ്ഞു. പക്ഷെ ഉച്ചഭക്ഷണം കഴിക്കണമല്ലോ? അതിനു ഞങ്ങൾ പോയത് തിരുവനന്തപുരത്തെ പൂമരം എന്ന കടയിലേക്കാണ്. രാവിലെ പഴങ്കഞ്ഞി ആയിരുന്നെങ്കിൽ ഉച്ചയ്ക്ക് പൊതിച്ചോറ്. പക്ഷെ, അപ്പോഴും വിജിലേഷ് ബിരിയാണിയുടെ കൂടെ പോയി – മുള ബിരിയാണി.
മുട്ടയും കോഴികഷ്ണങ്ങളും ഒക്കെ ചേർത്ത് കനം കുറഞ്ഞ അരിയിൽ ഉണ്ടാക്കി മുളയിൽ ആവികയറ്റി എടുക്കുന്ന മുള ബിരിയാണിയും മോശക്കാരൻ അല്ല കേട്ടോ. പക്ഷെ, നല്ല ചൂട് ചോറ്, വാട്ടിയ വാഴയിലയിൽ വെച്ച് അതിൽ ഒരല്പം പുളിശ്ശേരി ഒഴിച്ച് അതിന്റെ മുകളിൽ ചമ്മന്തിയും കറികളും മുട്ട പൊരിച്ചതും വെച്ചിട്ട് നന്നായി പൊതിഞ്ഞു കിട്ടുന്ന പൊതിച്ചോറ് ആണ് കേമൻ.
പൂമരത്തിൽ ഞങ്ങൾക്ക് കിട്ടിയ ആ പൊതിച്ചോറ് അമ്മയുണ്ടാക്കി തന്നിരുന്ന സ്കൂൾ പൊതിച്ചോറിന് അടുത്ത് എത്തില്ലെങ്കിലും, സംഭവം ഒരു നൊസ്റ്റു ലൈൻ ആണ്. പഴയ സ്കൂൾ ബെഞ്ചിൽ ഇരുന്നു ‘അമ്മ സ്നേഹത്തോടെ പൊതിഞ്ഞു തന്ന പൊതിച്ചോറ് തുറക്കുമ്പോ കിട്ടുന്ന ആ വാസന‘ – ഹോ അത് ആണ് രുചിയുടെ തനി വാസന. പിന്നെ ഒരു സ്വല്പം ചോറും കറിയും അച്ചാറും ഒക്കെ കൂട്ടി ഒരു കൈ ചോറ് വാരി തിന്നുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ – അത് പറഞ്ഞാൽ തീരില്ല.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്ളോഗർ അല്ലെങ്കിൽ ഫുഡ് വ്ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.