രാമേശ്വരത്തിന്റെ കാഴ്ചകൾ കാണുവാനായി യാത്ര തുടങ്ങിയ ഞങ്ങൾ തിരുവനന്തപുരത്തു നിന്നും പോയത് എർണയിൽ എന്ന സ്ഥലത്തേയ്ക്കാണ്.
അവിടെ, എന്റെ സുഹൃത്തും സഹയാത്രികനുമായ വിജിലേഷിന്റെ വീട്ടിൽ ഒരു രാത്രി തങ്ങി. വിജിലേഷിന്റെ അമ്മ പാകം ചെയ്ത ഇഡലിയും, ചമ്മന്തിയും, സാമ്പാറും ഒക്കെ കഴിച്ച്, അടുത്ത ദിവസം ഞങ്ങൾ തമിഴ്നാടിന്റെ സമനിലങ്ങളിലൂടെ രാമേശ്വരത്തേക്ക് യാത്ര തിരിച്ചു.
കാറ്റാടിയന്ത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന സമനിലങ്ങളും, തെങ്ങിൻ തോപ്പുകളും, ഉപ്പു പാടങ്ങളും ഒക്കെ കണ്ടു മുന്നോട്ടു പോയ ഞങ്ങൾ ഒരു പനംതോട്ടത്തിന്റെ ഓരത്ത് നിറുത്തി; അവിടെ നിന്നും അക്കാനി വാങ്ങി കുടിച്ചു. ശരിക്കും ഉന്മേഷം തരുന്ന ഒരു പാനീയമാണ് അക്കാനി. നമ്മടെ പാനിക്കള്ളുമായി വളരെ സാമ്യമുള്ള അക്കാനി, കള്ള് ചെത്തി എടുക്കുന്നതുപോലെ തെന്നെയാണ് നൊങ്കുപനകളിൽ നിന്ന് ചെത്തി എടുക്കുന്നത്. ഇത് വറ്റിച്ചാണ് പനംചക്കര അഥവാ കരിപ്പുകട്ടി ഉല്പാദിപ്പിക്കുന്നത്.
ഞങ്ങൾ ആ കട ഉടമയുടെ അനുവാദം വാങ്ങി പനംചക്കര വറ്റിച്ചെടുക്കുന്ന കാഴ്ചകൾ കാണുവാൻ അവരുടെ പിന്നാമ്പുറത്തേയ്ക്ക് പോയി. അവിടെ വലിയ ഒരു ഉരുളിയിൽ അക്കാനി കുറുക്കിയെടുക്കുന്ന കാഴ്ചകൾ കണ്ടു.
ഞങ്ങൾ അക്കാനിയും കുടിച്ച് പനംചക്കരയും വാങ്ങി അവിടെ നിന്നും യാത്ര തുടർന്നു.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്ളോഗർ അല്ലെങ്കിൽ ഫുഡ് വ്ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.