പഴങ്കഞ്ഞി അല്ലെങ്കിൽ പഴയൻ കഞ്ഞി എന്നത് നമ്മൾ മലയാളികൾക്ക് എന്നും ഇഷ്ടമുള്ള ഒരു പ്രഭാത ഭക്ഷണം ആണ്. തണുത്ത പഴങ്കഞ്ഞിയിൽ ഒരു ലേശം തൈര് ഒഴിച്ച് അതിൽ ലേശം കാന്താരിയും ചുവന്നുള്ളിയും ഉപ്പും കൂടെ ചതച്ച് ചേർത്ത് കോരികുടിക്കാൻ എന്താ ചേല് അല്ലെ?
രണ്ടു വർഷം മുൻപ് ഒരു രാമേശ്വരം യാത്ര പ്ലാൻ ചെയ്തപ്പോൾ തിരുവനന്തപുരത്ത് പ്രഭാത ഭക്ഷണം കഴിച്ച് ഉച്ച ഭക്ഷണവും കഴിച്ച് യാത്ര തുടരുവാൻ ആയിരുന്നു പദ്ധതി. അങ്ങനെ തിരുവനന്തപുരത്ത് എത്തി ഇടനേരം എന്ന ഒരു ചെറിയ കടയിൽ പ്രാതൽ കഴിക്കുവാൻ കയറി. അവിടെ ചെന്നപ്പോൾ അവിടെ ഉണ്ട് ഈ പഴയൻ കഞ്ഞി.
പഴങ്കഞ്ഞി എന്ന് അവരുടെ വില വിവര പട്ടികയിൽ കണ്ടപ്പോൾ തന്നെ ഞാൻ അത് കഴിക്കാമെന്ന് ഉറപ്പിച്ചു. എന്റെ സുഹൃത്ത് വിജിലേഷിന് പക്ഷെ കിഴി ബിരിയാണിയോടായിരുന്നു കൂറ്. പക്ഷെ ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ ചെറിയുള്ളിയും ഇഞ്ചിയും കാന്താരിയും ഒക്കെ ചതച്ചിട്ട പഴങ്കഞ്ഞി മേശയിൽ എത്തിയപ്പോൾ വിജിലേഷിന് തന്റെ തീരുമാനം തെറ്റിയോ എന്ന് തോന്നി. ഏതായാലും പഴങ്കഞ്ഞിക്ക് കൂട്ടാൻ കടുകുമാങ്ങാ കറിയും, മട്ടൺ പിടിച്ചതും, മീൻ പീരയും, തേങ്ങാ ചമ്മന്തിയും ഉണ്ടായിരുന്നു.
പഴങ്കഞ്ഞി കുടിച്ചാൽ രുചി മാത്രമല്ല, നല്ല ആരോഗ്യവും കൂടെ പോരും എന്നാണ് ഇപ്പൊ വിദഗ്ധർ പറയുന്നത്. ഏതായാലും തന്ന സ്പൂൺ ഒക്കെ മാറ്റിവെച്ചിട്ട് നല്ല നാടൻ രീതിയിൽ ഞാൻ ആ പഴങ്കഞ്ഞി മുഴുവൻ കുടിച്ചു.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്ളോഗർ അല്ലെങ്കിൽ ഫുഡ് വ്ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.