ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്ക് സൗജന്യമായി നഗരം ചുറ്റിക്കാണുന്നതിന് അവസരം നൽകുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചു. 2023 ജൂലൈ 5-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്ന ഗൾഫ് എയർ യാത്രികർക്ക് തങ്ങളുടെ കണക്ഷൻ ഫ്ളൈറ്റിനായി കാത്തിരിക്കുന്ന കാലയളവിൽ ബഹ്‌റൈൻ മുന്നോട്ട് വെക്കുന്ന സാംസ്കാരിക, പൈതൃക കാഴ്ചകൾ നേരിട്ട് ആസ്വദിക്കുന്നതിന് ഈ പദ്ധതി അവസരമൊരുക്കുന്നു. ഗൾഫ് എയർ, ബഹ്‌റൈൻ എയർപോർട്ട് കമ്പനി, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവർ സംയുക്തമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ജൂലൈ 5 മുതലാണ് ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്ക് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. കണക്ഷൻ ഫ്ളൈറ്റിനായി 5 മുതൽ 24 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്കാണ് ഈ സൗജന്യ സിറ്റി ടൂർ ആസ്വദിക്കാൻ അവസരം. ഈ സിറ്റി ടൂറിൽ ബഹ്‌റൈനിലെ പ്രധാന ടൂറിസം, ചരിത്ര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ സിറ്റി ടൂറുകൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതൽ 12 വരെ, വൈകീട്ട് 7 മുതൽ രാത്രി 10 മണിവരെ എന്നിങ്ങനെ ദിനവും രണ്ട് തവണയായാണ് ഈ ടൂർ സംഘടിപ്പിക്കുന്നത്. ഈ ടൂർ ആസ്വദിക്കുന്നതിനായി ട്രാൻസിറ്റ് യാത്രികർ മുൻകൂർ ബുക്കിംഗ് നടത്തേണ്ടതാണ്.
Cover Image: Bahrain News Agency.