അബുദാബി: യു എ ഇ ദേശീയ ദിനാഘോഷ അവധിദിനങ്ങളിൽ പാർക്കിംഗ് സൗജന്യം

UAE

യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഇടാക്കുന്നില്ലെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ITC ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന്റെ ഭാഗമായി ഡിസംബർ 1, ചൊവ്വാഴ്ച്ച 12:൦൦ am മുതൽ ഡിസംബർ 5, ശനിയാഴ്ച്ച രാവിലെ 7.59 വരെ എമിറേറ്റിലെ പാർക്കിംഗ് ഇടങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.

ഈ കാലയളവിൽ വാഹനങ്ങൾ കൃത്യമായി പാർക്കിംഗ് ഇടങ്ങളിൽ തന്നെ നിർത്തിയിടാനും, ട്രാഫിക് തടസപ്പെടുത്തിക്കൊണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് ITC ആഹ്വാനം ചെയ്തിട്ടുണ്ട്. ദിനവും രാത്രി 9 മുതൽ രാവിലെ 8 വരെയുള്ള റെസിഡൻസി പാർക്കിംഗ് നിയമങ്ങൾ പാലിക്കാനും ITC ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതു ഗതാഗത സംവിധാനങ്ങൾ:

ദേശീയ ദിനാഘോഷ അവധി ദിനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസ് സർവീസുകൾ വെള്ളിയാഴ്ച്ചകളിലെയും, മറ്റു പൊതു അവധി ദിനങ്ങളിലെയും പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്നും ITC വ്യക്തമാക്കി. https://itc.gov.ae/en എന്ന വിലാസത്തിൽ നിന്നോ ITC-യുടെ സ്മാർട്ട് ആപ്പായ DARBI-യിലൂടെയോ ബസുകളുടെ സമയക്രമം അറിയാവുന്നതാണ്.

അബുദാബിയിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ITC-യുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അവധിയ്ക്ക് ശേഷം ഡിസംബർ 6 മുതൽ വിദൂര സംവിധാനത്തിലൂടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതാണ്.