ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) നിന്ന് ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമ പെസ്‌കെ എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുഎസിലെ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച 200 ദിവസത്തെ ദൗത്യത്തിനിടെയാണ് (2021 ഏപ്രിൽ 23 – 2021 നവംബർ 9) അദ്ദേഹം എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തിയത്. എക്സ്പോ 2020 ദുബായ് വേദിയിലെ ഫ്രാൻസ് പവലിയനിൽ 2022 മാർച്ച് 18-ന് സംഘടിപ്പിച്ച പ്രത്യേക ചോദ്യോത്തര പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ ചോദ്യോത്തര സെഷനിൽ സീറോ ഗ്രാവിറ്റിയിൽ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നത് മുതൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഒന്നിലധികം സോളാർ പാനലുകളടങ്ങിയ സോളാർ അറേകൾ സ്ഥാപിക്കുന്നത് വരെയുള്ള നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ കമാൻഡ് ചെയ്യുന്ന ഫ്രാൻസിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് തോമ പെസ്‌കെ.
“ദൗത്യം ആരംഭിക്കുന്നതിന് മുൻപായി, ലോകമെമ്പാടുമുള്ള വിവിധ ബഹിരാകാശ ഏജൻസികളിലേക്കായി നിരവധി യാത്രകൾ നടത്തേണ്ടതുണ്ട്.”, ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച തന്റെ രണ്ടാമത്തെ ദൗത്യത്തെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി. “എല്ലാത്തരം അടിയന്തരാവസ്ഥകൾ നേരിടുന്നതിനുമുള്ള പ്രത്യേക പരിശീലനങ്ങൾ ദൗത്യത്തിന് മുൻപായി നേടേണ്ടതുണ്ട്. പേശികളുടെ നഷ്ടത്തിന് കാരണമാകുന്ന സീറോ ഗ്രാവിറ്റിക്ക് തയ്യാറെടുക്കുന്നതിന് തീവ്രമായ ദൈനംദിന ശാരീരിക പരിശീലനവും അത്യാവശ്യമാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
“നിങ്ങൾ കുട്ടിക്കാലത്ത് സ്വപ്നം കണ്ടതുപോലെ പൊങ്ങിയൊഴുകുന്ന രീതിയിലാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിങ്ങൾ നീങ്ങുന്നത്. ഇത് ഒരു സയൻസ് ഫിക്ഷൻ സിനിമ പോലെയോ 3D മേസ് പോലെയോ തോന്നുന്നു. സ്പേസ് സ്റ്റേഷനകത്ത് എല്ലായിടത്തും നിങ്ങൾക്ക് മുകളിലേക്കും താഴേക്കും നീങ്ങാൻ കഴിയും എന്നതുമായി പൊരുത്തപ്പെടാൻ ഏതാനം ദിവസങ്ങൾ വേണ്ടി വന്നു.”, തന്റെ കഠിനമായ പരിശീലനം തീർത്തും വിലപ്പെട്ടതായിരുന്നെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷന്റെ ജാലകങ്ങളിലൂടെ പുറംകാഴ്ച്ചകൾ ആസ്വദിക്കുന്നുന്നതും ഫോട്ടോകൾ എടുക്കുന്നതുമാണ് സ്പേസ് സ്റ്റേഷനിലെ ബഹിരാകാശ യാത്രികരുടെ ഒഴിവുവേളകളിലെ പ്രധാന വിനോദങ്ങൾ. മരുഭൂമികളുടെ വ്യത്യസ്ത നിറങ്ങളും മഞ്ഞ് ഹിമാനികളുടെ ആകൃതിയും കാണാൻ രസകരമായിരുന്നു. പ്രശസ്ത നഗരങ്ങളിലെ തെരുവുകൾ കാണുന്നത് രസകരമാണ്, ഞാൻ ദുബായിലെ എക്‌സ്‌പോയുടെ ഫോട്ടോ എടുത്തു.”, അദ്ദേഹം പറഞ്ഞു.
“അതിരുകളില്ല എന്നതാണ് ബഹിരാകാശത്തെക്കുറിച്ചുള്ള അത്ഭുതകരമായ കാര്യം. നാം എല്ലാവരും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ളവരായിരിക്കാം, പക്ഷേ നാമെല്ലാവരും ഒരേ പക്ഷത്താണ്. ലോകമെമ്പാടുമുള്ള ആളുകൾ സഹകരിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ. കൂടാതെ ആ മൂല്യങ്ങൾ മനുഷ്യരാശിയുടെ ഭാവിക്കായി ഉപയോഗിക്കേണ്ടതുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
WAM