ബഹ്‌റൈൻ: രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു

GCC News

ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ 2021 ഏപ്രിൽ 16-ന് ബഹ്‌റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

റമദാനിലെ ആദ്യ ദിനം മുതൽ രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും, ഇശാ, തറാവീഹ് നമസ്കാരങ്ങൾക്കുമായി വിശ്വാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് ഏപ്രിൽ 16-ന് രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർഥനകൾക്കായി തുറന്ന് കൊടുത്തത്.

കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് പള്ളികളിലേക്ക് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികളെ പ്രവേശിപ്പിച്ചത്. റമദാനിലെ ആദ്യ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി ധാരാളം വിശ്വാസികൾ വിവിധ പള്ളികളിലെത്തിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് മാത്രമാണ് ഇത്തരത്തിൽ പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച ശേഷം 14 ദിവസത്തിന് ശേഷമാണ് ഇത്തരത്തിൽ പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.