ടെന്റ്, കാരവൻ തുടങ്ങി എല്ലാ തരം ക്യാമ്പുകളും എമിറേറ്റിൽ നിരോധിച്ചതായി ഫുജൈറയിലെ ക്രൈസിസ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു. COVID-19 സാഹചര്യം കണക്കിലെടുത്ത്, പൊതു സമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് ഫുജൈറ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഖാനെം അൽ കാബി വ്യക്തമാക്കി.
ശിശിരകാലമാകുന്നതോടെ ഫുജൈറയിലെ പ്രകൃതിരമണീയമായ ഇടങ്ങളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്യാമ്പിംഗിനായി സാധാരണയായി എത്താറുണ്ട്. ഇത് കണക്കിലെടുത്ത്, വൈറസ് വ്യാപന സാദ്ധ്യതകൾ ഒഴിവാക്കുന്നതിനായാണ് കമ്മിറ്റി ക്യാമ്പുകൾ നിരോധിക്കുന്നതെന്ന് മേജർ ജനറൽ അൽ കാബി അറിയിച്ചു. ഫുജൈറയിലെ ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി തലവൻ കൂടിയാണ് അദ്ദേഹം.
ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഫുജൈറ പോലീസിന്റെ നേതൃത്വത്തിൽ എമിറേറ്റിലുടനീളം പരിശോധനകളും, ബോധവത്‌കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പടെയുള്ള കർശനമായ നിയമ നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിച്ച് സ്ഥാപിക്കുന്ന ടെന്റുകൾ, ക്യാമ്പുകൾ, കാരവൻ മുതലായവ പിടിച്ചെടുക്കുകയോ, നശിപ്പിക്കുകയോ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.