പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് എമിറേറ്റിലെ ഡ്രൈവർമാരുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ‘അവരുടെ ഉത്തരവാദിത്വം നിങ്ങൾക്കാണ്. കുട്ടികളെ മേൽനോട്ടമില്ലാതെ തനിച്ചാക്കരുത്’ എന്ന ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് ഫുജൈറ പോലീസ് രൂപം നൽകിയിട്ടുണ്ട്.
എമിറേറ്റിലെ ഡ്രൈവർമാർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ കുട്ടികളെ വാഹനങ്ങളിലും, വീടുകളിലും തനിച്ചാക്കി പോകുന്നതിന്റെ അപകടങ്ങൾ, ഇത്തരം നടപടികൾ തടയുന്നതിനുള്ള മാർഗങ്ങൾ എന്നിവയിൽ ഈ പ്രചാരണപരിപാടി ബോധവത്കരണം നൽകുന്നു.
വേനലിലെ കടുത്ത ചൂടിൽ നിർത്തിയിട്ട വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ അപകടങ്ങൾ കണക്കിലെടുത്താണ് ഫുജൈറ പോലീസ് ഇത്തരം ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. അടച്ചിട്ട വാഹനങ്ങൾക്കുള്ളിലെ തീവ്രമായ ചൂട് മൂലം കുട്ടികൾക്ക് അപകടം സംഭവിക്കാൻ ഇടയുണ്ടെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
ഇത്തരത്തിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കിപ്പോകുന്നത് യു എ ഇ ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായുള്ള യു എ ഇ ഫെഡറൽ നിയമം ‘3/ 2016’ പ്രകാരം കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നതും, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതിരിക്കുന്നതും പിഴ, തടവ് എന്നിവ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കോടതി നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.