ഒമാൻ: ആൾക്കൂട്ടം ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി; അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് ആളുകൾ ഒത്ത് ചേരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികാരമുണ്ടെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ഒമാനിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതുൾപ്പടെയുള്ള COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ് വ്യാപന സാഹചര്യം ഒമാനിൽ തുടരുന്ന സാഹചര്യത്തിൽ, എല്ലാ തരത്തിലുള്ള കൂടിച്ചേരലുകളും ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കായി ഒത്ത്ചേരുന്നത് ഒഴിവാക്കണമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഒത്ത്ചേരലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ രാജ്യത്ത് തുടരുന്നതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

ഒത്ത്ചേരലുകൾ സംഘടിപ്പിക്കുന്നതും, അവയിൽ പങ്കെടുക്കുന്നതും ഒമാനിൽ വിലക്കിയിട്ടുണ്ടെന്നും, വിവാഹം, ശവസംസ്‌കാരം മുതലായ ചടങ്ങുകൾ പൊതുസമൂഹത്തിൽ വൈറസ് വ്യാപനം കൂടുന്നതിന് ഇടയാക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിപ്പിലൂടെ വ്യക്തമാക്കി. ഇത്തരം നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ അറസ്റ്റ് ഉൾപ്പടെയുള്ള കർശനമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, കൂടിച്ചേരലുകൾ, ആൾത്തിരക്കുണ്ടാകുന്ന സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി നിരീക്ഷണം കർശനമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.