സാമൂഹിക ഒത്തുചേരലുകൾക്കുള്ള വിലക്കുകൾ നീക്കിയിട്ടില്ല; സുരക്ഷാ മുൻകരുതൽ തുടരാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

GCC News

സാമൂഹിക ഒത്തുചേരലുകൾ, ആഘോഷ പരിപാടികൾ മുതലായ, ആളുകൾ കൂട്ടം ചേരുന്ന പ്രവർത്തികൾക്കുള്ള വിലക്കുകൾ രാജ്യത്ത് തുടരുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സയീദി ജനങ്ങളെ ഓർമ്മപ്പെടുത്തി. ഒക്ടോബർ 28, ബുധനാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവൻ ജനങ്ങളും സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“നിങ്ങളുടെയും, നിങ്ങളുടെ കുടുംബത്തിന്റെയും, നിങ്ങളുടെ സമൂഹത്തിന്റെയും, നമ്മുടെ ആരോഗ്യ മേഖലയുടെയും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സുരക്ഷ മുൻനിർത്തി ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വീഴ്ച്ച കൂടാതെ എല്ലാവരും പാലിക്കേണ്ടതാണ്.”, അദ്ദേഹം ഓർമ്മപ്പെടുത്തി.

COVID-19 രോഗബാധയുമായും, ചികിത്സാ രീതികളുമായും ബന്ധപ്പെട്ടതെന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ, ദൃശ്യങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വെക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർ തങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പങ്ക് വെക്കുന്നതെന്നും, വ്യാജമായി നിർമ്മിക്കുന്ന ഇത്തരം വിവരങ്ങൾ ആധികാരികമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ചികിത്സകൾക്കായി ഒമാനിലും, ആഗോളതലത്തിലും ശാസ്ത്രീയമായ അടിത്തറയുള്ള മാർഗ്ഗങ്ങൾ മാത്രമാണ് പിൻതുടരുന്നതെന്നും അദ്ദേഹം അറിയിച്ചു. ശാസ്ത്രീയമായി രോഗനിവാരണത്തിനും, രോഗപ്രതിരോധത്തിനും പ്രാപ്തമാണെന്ന് തെളിയിക്കപ്പെട്ട ഔഷധങ്ങളും, ചികിത്സാരീതികളും മാത്രമാണ് ലോകമെമ്പാടും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.