ദുബായ്: ജൂലൈ 7 മുതൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻസി വിസ സേവനങ്ങൾ ആരംഭിക്കുമെന്ന് GDRFA

UAE

യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രത്യേക സംവിധാനം 2021 ജൂലൈ 7 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) അറിയിച്ചു. ഈ സംവിധാനത്തിലൂടെ ആഴ്ച്ചയിൽ ഏഴു ദിവസവും, ദിനവും ഇരുപത്തിനാല് മണിക്കൂർ നേരവും GDRFA സേവനങ്ങൾ ലഭ്യമാക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

‘യു ആർ സ്പെഷ്യൽ’ എന്ന പേരിൽ ആരംഭിക്കുന്ന ഈ സേവനത്തിലൂടെ റെസിഡൻസി സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ, അന്വേഷണങ്ങൾ മുതലായവ ആഴ്ച്ചയിൽ ഏഴു ദിവസവും, ഏത് സമയത്തും സ്വീകരിക്കുന്നതാണെന്ന് GDRFA അറിയിച്ചു. സ്ഥാപനങ്ങൾ, വ്യക്തികൾ, പ്രവാസികൾ, പൗരന്മാർ എന്നീ വിഭാഗങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാമെന്നും GDRFA കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് GDRFA ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മാരി വ്യക്തമാക്കി.