ദുബായ്: ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6 മുതൽ ആരംഭിക്കുന്നു

UAE

മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ദുബായിൽ ആരംഭിക്കുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് ഡിസംബർ 6 മുതൽ 10 വരെയാണ് ഈ വർഷത്തെ ജിടെക്സ് ടെക്നോളജി വീക്ക് സംഘടിപ്പിക്കുന്നത്.

COVID-19 ഉയർത്തിയ വെല്ലുവിളികൾക്ക് ശേഷം ദുബായിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ സാങ്കേതിക സമ്മേളന, പ്രദർശന പരിപാടിയാണ് ജിടെക്സ് ടെക്നോളജി വീക്ക്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വിപണിയിൽ ഉടലെടുത്ത മാന്ദ്യത്തിൽ നിന്ന് പുത്തനുണർവ് നേടുന്നതിന് ഈ പ്രദർശനം സഹായകമാകുമെന്നാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്.

നാല്പതാമത് ജിടെക്സ് ടെക്നോളജി വീക്കിൽ സാങ്കേതിക രംഗത്തെ ഏതാണ്ട് 1200-ൽ പരം പ്രമുഖ സ്ഥാപനങ്ങളും, 60-തോളം രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനികളുമാണ് പങ്കെടുക്കുന്നത്. 30-തോളം രാജ്യങ്ങളിൽ നിന്നുള്ള 350 പ്രഭാഷകർ ജിടെക്സ് ടെക്നോളജി വീക്കിൽ സംസാരിക്കുന്നതാണ്.

മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും ഈ സാങ്കേതിക പ്രദർശനത്തിൽ പങ്കെടുക്കും. നിർമ്മിതബുദ്ധി, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്ങ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ജിടെക്സ് ടെക്നോളജി വീക്കിൽ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.

Cover Image: Gitex Technology Week