ദുബായ്: മെയ് 27 മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

GCC News

മെയ് 27, ബുധനാഴ്ച്ച മുതൽ ദുബായിലെ വാണിജ്യ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ തീരുമാനിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റിന്റെ ചർച്ചകൾക്കൊടുവിലാണ് കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്.

ഈ തീരുമാനം നടപ്പിലാകുന്നത് മുതൽ രാവിലെ 6 മുതൽ രാത്രി 11 വരെ ദുബായിൽ യാത്രാനിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ല. നിലവിലെ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. ഒഴിവാക്കാനാകാത്ത വാണിജ്യ മേഖലകൾക്ക് തടസങ്ങൾ കൂടാതെ, COVID-19 സാഹചര്യങ്ങളുമായി കൂടുതൽ ഒത്ത്‌ചേർന്ന് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

മാസ്കുകൾ, സമൂഹ അകലം, അണുനശീകരണം, ശുചിത്വം എന്നിവ അടങ്ങുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച്ചകൾ വരുത്താതെ, പടിപടിയായി വിവിധ വാണിജ്യമേഖലകളിൽ ഇളവുകൾ അനുവദിച്ച് കൊണ്ടായിരിക്കും ഈ തീരുമാനം നടപ്പിലാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളിൽ COVID-19 സുരക്ഷയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. COVID-19 വ്യാപനം പല മേഖലകളിലും വലിയ പ്രതിസന്ധികൾക്കിടയാക്കിയിട്ടുണ്ടെങ്കിലും, കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇവ തരണം ചെയ്യാൻ യു എ ഇയിലെ സമൂഹത്തിനു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ തീരുമാനത്തിന്റെ ഭാഗമായി ചില്ലറ വിപണന കേന്ദ്രങ്ങൾ, മൊത്ത വ്യാപാര കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ (ENT ഉൾപ്പടെ), സ്പോർട്സ് കേന്ദ്രങ്ങൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ, സമൂഹ അകലം പാലിച്ച് കൊണ്ട് സിനിമാ ശാലകൾ, വിനോദമേഖലയിലെ വിവിധ കേന്ദ്രങ്ങൾ മുതലായവയ്ക്ക് ഘട്ടംഘട്ടമായി പ്രവർത്തനാനുമതി നൽകും. യു എ ഇയിലേക്കുള്ള വിമാനസർവീസുകൾ, ചെറു ശസ്ത്രക്രിയകൾ മുതലായവയും ഈ തീരുമാനത്തിന്റെ ഭാഗമായി അനുവദിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. ദേശീയ അണുനശീകരണ പരിപാടികളുടെ സമയക്രമം പാലിച്ച് കൊണ്ടും, സമൂഹ അകലം, മാസ്ക് മുതലായ സുരക്ഷാ നടപടികൾ ഉറപ്പാക്കികൊണ്ടുമായിരിക്കും ഇളവുകൾ നടപ്പിലാക്കുക.