എമിറേറ്റ്സ് ലൂണാർ മിഷൻ: റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൂചന

UAE

എമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ‘HAKUTO-R’ M1 ലാൻഡർ വാഹനവുമായുള്ള ബന്ധം അവസാന നിമിഷം നഷ്ടപ്പെട്ടതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. ലാൻഡറുമായുള്ള ബന്ധം നഷ്ടമായതായും, വാഹനം വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങിയോ എന്നതിൽ സ്ഥിരീകരണം നൽകാൻ നിലവിൽ കഴിയുന്നില്ലെന്നും ‘HAKUTO-R’ M1 ലാൻഡർ വാഹനം നിർമ്മിച്ചിട്ടുള്ള ജാപ്പനീസ് കമ്പനിയായ ഐസ്പേസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലാൻഡർ വാഹനവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമുള്ള നടപടികൾ തങ്ങളുടെ എൻജിനീയർമാർ തുടരുന്നതായി ഐസ്പേസ് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഐസ്പേസ് കൂട്ടിച്ചേർത്തു.

2023 ഏപ്രിൽ 25-ന് രാത്രി 8.40-നാണ് (യു എ ഇ സമയം) റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ജാപ്പനീസ് ലാൻഡർ വാഹനമായ ‘HAKUTO-R’ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇതിന് ഏതാണ്ട് അരമണിക്കൂറിന് ശേഷമാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ടോക്കിയോയിൽ നിന്നുള്ള മിഷൻ കൺട്രോൾ അറിയിപ്പ് നൽകിയത്. ലാൻഡറുമായുള്ള ആശയവിനിമയം സ്ഥിരീകരിക്കാൻ സാധിക്കുന്നില്ലെന്ന് ഐസ്പേസ് സി ഇ ഓ തകേഷി ഹകമദ അറിയിച്ചു.

ദൗത്യത്തിന്റെ അവസാന നിമിഷം വരെ ലാൻഡറുമായുള്ള ആശയവിനിമയം തുടർന്നിരുന്നതായും, എന്നാൽ പിന്നീട് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: iSpace.