അബുദാബി: നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

UAE

എമിറേറ്റിലെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപിച്ചു. എമിറേറ്റിലെ എല്ലാ നഴ്‌സറികളും ADEK നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. ഇത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നതും, തുറക്കാൻ അനുവാദമുള്ള നഴ്‌സറികൾക്ക് NOC നൽകുന്നതുമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ആരോഗ്യ സുരക്ഷയുടെ ഭാഗമായി, ഇത്തരം കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള സ്ഥലത്തിനനുസരിച്ച് പ്രവേശനം അനുവദിക്കാവുന്ന കുട്ടികളുടെ പരമാവധി ശേഷി നിർണ്ണയിക്കുന്നതാണ്. നഴ്‌സറികൾക്കകത്ത് ഓരോ 3.5 ചതുരശ്ര മീറ്ററിൽ ഒരു കുട്ടി എന്ന കണക്കിലും, പുറത്ത് ഓരോ 5 ചതുരശ്ര മീറ്ററിൽ ഒരു കുട്ടി എന്ന കണക്കിലുമാണ് പ്രവേശനം അനുവദിക്കാവുന്ന കുട്ടികളുടെ പരമാവധി ശേഷി നിർണ്ണയിക്കുന്നതെന്ന് ADEK വ്യക്തമാക്കിയിട്ടുണ്ട്.

മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ:

  • എല്ലാ ജീവനക്കാർക്കും ഓൺലൈനിലൂടെ പ്രത്യേക COVID-19 പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്.
  • ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ സുരക്ഷയുടെ ചുമതലയുള്ള ജീവനക്കാർക്ക് അതിനായുള്ള പരിശീലനം നൽകുന്നതാണ്.
  • കുട്ടികളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുകയോ, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപെടുകയോ ചെയ്‌താൽ രക്ഷിതാക്കൾ ഉടൻ തന്നെ ആ വിവരം നഴ്‌സറികളിലെ ജീവനക്കാരെ അറിയിക്കേണ്ടതാണ്.
  • നഴ്‌സറികളിലെ എല്ലാ ജീവനക്കാരുടെയും, കുട്ടികളുടെയും ശരീരോഷമാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
  • കൈകളുടെ ശുചിത്വം കർശനമായി നടപ്പിലാക്കേണ്ടതാണ്.
  • ഓരോ നഴ്‌സറികളിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി അധികൃതർ പ്രത്യേക പരിശോധനകൾ നടപ്പിലാക്കുന്നതാണ്.
  • 2 വയസ്സുവരെയുള്ള കുട്ടികളെ, പരമാവധി 8 കുട്ടികളടങ്ങുന്ന സംഘങ്ങളായും, 2 മുതൽ 4 വയസുവരെയുള്ളവരെ പരമാവധി 10 കുട്ടികളടങ്ങുന്ന സംഘങ്ങളായും തിരിക്കേണ്ടതാണ്.

സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അബുദാബിയിലെ നഴ്‌സറികൾ പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ ADEK അറിയിച്ചത്.