അബുദാബി: മാളുകളിലെ സിനിമാശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ തീരുമാനം

UAE

എമിറേറ്റിലെ ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന സിനിമാശാലകൾക്ക്, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി, നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് (ADDED) അറിയിപ്പ് നൽകി. ഇതോടെ COVID-19 വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ടിട്ടുള്ള ഇത്തരം സിനിമ കേന്ദ്രങ്ങൾക്ക് പ്രവർത്തനങ്ങൾ ആരംഭിക്കാൻ വഴിതെളിയുകയാണ്.

കൃത്യമായ ഇടവേളകളിലെ അണുനശീകരണം, സമൂഹ അകലം തുടങ്ങി ADDED നൽകുന്ന കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും ഇവ പ്രവർത്തിക്കുക. സുരക്ഷാ മുൻകരുതലുകൾ പൂർത്തിയാക്കുന്നതിനനുസരിച്ചായിരിക്കും ഇത്തരം സിനിമാശാലകൾക്ക് പ്രവർത്തനാനുമതി നൽകുക എന്ന് ADDED വ്യക്തമാക്കിയിട്ടുണ്ട്.

ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന സിനിമാശാലകൾക്ക് ADDED നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • എല്ലാ ജീവനക്കാർക്കും COVID-19 പരിശോധനകൾ നിർബന്ധമാണ്.
  • മുഴുവൻ ജീവനക്കാരും മാസ്കുകൾ ഉപയോഗിക്കണം.
  • സാനിറ്റൈസറുകൾ ഏർപ്പെടുത്തേണ്ടതാണ്.
  • പരമാവധി ശേഷിയുടെ 30% പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്.
  • സിനിമാശാലകളിലെ ഇരിപ്പിടങ്ങളിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • ഓരോ പ്രദർശനത്തിനു ശേഷവും ഇരിപ്പിടങ്ങൾ അണുവിമുക്തമാക്കേണ്ടതാണ്.
  • ടിക്കറ്റുകൾ, നോട്ടീസുകൾ മുതലായവ പാടില്ല. പണമിടപാടുകൾക്ക് ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കണം.
  • ടിക്കറ്റ് ബുക്കിങ്ങിനായി ഉപയോഗിക്കുന്ന ടച്ച് സ്ക്രീൻ സംവിധാനം ഒഴിവാക്കണം.