ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഡൽഹിയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു

GCC News

ബഹ്‌റൈനിൽ നിന്ന് ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ സെപ്റ്റംബർ 19-ന് അറിയിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിൽ ധാരണയായിട്ടുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സർവീസ് നടത്തുന്നത്. ഇതോടെ ബഹ്‌റൈനിൽ നിന്ന് നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് ഗൾഫ് എയർ നിലവിൽ സർവീസ് നടത്തുന്നുണ്ട്.

സെപ്റ്റംബർ 14 മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലേക്ക് ഗൾഫ് എയർ വ്യോമയാന സേവനങ്ങൾ ആരംഭിച്ചിരുന്നു. വരും ദിനങ്ങളിൽ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ഏർപ്പെടുത്തുമെന്നും ഗൾഫ് എയർ അറിയിച്ചിട്ടുണ്ട്.

ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ നിന്നുള്ള സാധുത വിസയുള്ള ഇന്ത്യൻ പൗരന്മാർ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രകളിൽ അനുമതി നൽകിയിട്ടുള്ളത്. ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുള്ള ബഹ്‌റൈൻ പാസ്സ്‌പോർട്ട് ഉള്ളവർ, ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ബഹ്‌റൈൻ പൗരന്മാർ എന്നിവർക്കാണ് ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകളിൽ യാത്രചെയ്യാൻ അനുമതിയുള്ളത്.

https://www.gulfair.com/covid19 എന്ന വിലാസത്തിൽ യാത്രാ സംബന്ധമായ അറിയിപ്പുകളും, ആരോഗ്യ സുരക്ഷാ നിബന്ധനകളും ലഭ്യമാണ്. ടിക്കറ്റുകൾക്കായി ഗൾഫ് എയർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.