ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സൗദി വാണിജ്യവകുപ്പ് മന്ത്രിയും, മീഡിയ വകുപ്പിന്റെ താത്കാലിക ചുമതലയുമുള്ള മന്ത്രിയുമായ ഡോ. മജീദ് അൽ ഖസാബി അറിയിച്ചു. രാജ്യത്തെ നിലവിലെ COVID-19 സാഹചര്യങ്ങൾ അധികൃതർ വിശകലനം ചെയ്ത് വരികയാണെന്നും, ഇതിന് ശേഷം ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 6-ന് റിയാദിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷം സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ആരോഗ്യ മന്ത്രാലയം എന്നിവർ ഇത് സംബന്ധമായ അറിയിപ്പ് നൽകുമെന്നാണ് അദ്ദേഹം അറിയിച്ചത്.
കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ നിലവിലെ രോഗവ്യാപനത്തിന്റെ വിവിധ വശങ്ങൾ സമഗ്രമായി പരിശോധിക്കേണ്ടത് വളരെയധികം പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് തീർത്ഥാടനം മൂലം രോഗവ്യാപനത്തിനിടയാകുന്നതിനുള്ള ചെറിയ സാധ്യത പോലും കണ്ടെത്തി ഇല്ലാതാക്കുകയാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.
സാങ്കേതിക വിദ്യകളുടെ ഉപയോഗത്താലും, അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറാക്കിയുമാണ് കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടനം, തുടർന്നുള്ള ഉംറ എന്നിവ നടപ്പിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്ഥാടനം സുഗമമാക്കുന്നതിനും, സുരക്ഷിതമാക്കുന്നതിനുമായി പുറത്തിറക്കിയ ‘Eatmarna’ പോലുള്ള ആപ്പുകൾ വളരെയധികം പ്രയോജനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 20 ദശലക്ഷത്തിലധികം പേർ ഈ ആപ്പ് ഉപയോഗപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
COVID-19 വാക്സിനുകളുടെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സൗദിയിൽ വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെങ്കിലും, സമൂഹത്തിൽ സുരക്ഷിതമായുളള സഹവര്‍ത്തിത്വത്തിന് വാക്സിനേഷൻ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏതാണ്ട് 40 ശതമാനത്തോളം പേർ വാക്സിനെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.