സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർ 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണം

GCC News

വിദേശത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്കെത്തുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 2023 മെയ് 24-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിലേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്നവരും, സൗദിയിൽ നിന്ന് വിദേശത്തേക്ക് തിരികെ മടങ്ങുന്നവരുമായ മുഴുവൻ തീർത്ഥാടകർക്കും ഈ നിബന്ധന ബാധകമാണ്. ഈ അറിയിപ്പ് പ്രകാരം തീർത്ഥാടകർ താഴെ പറയുന്ന സാഹചര്യങ്ങളിൽ കസ്റ്റംസ് ഡിക്ലറേഷൻ നൽകാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്:

  • തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള സൗദി കറൻസി അല്ലെങ്കിൽ വിദേശ കറൻസി എന്നിവ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • മൂവായിരം സൗദി റിയാലിൽ കൂടുതൽ വിലവരുന്ന വാണിജ്യ ഉത്പന്നങ്ങൾ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • സൗദിയിലേക്ക് കൊണ്ട് വരുന്നതിന് വിലക്കുള്ള പുരാവസ്തുക്കൾ പോലുള്ളവ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • എക്‌സൈസ് ടാക്‌സിന്റെ പരിധിയിൽ വരുന്ന സാധനങ്ങൾ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • സ്വർണ്ണക്കട്ടികൾ, ആഭരണങ്ങൾ എന്നിവ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.

സൗദി അറേബ്യയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് കസ്റ്റംസ് അധികൃതർക്ക് നൽകുന്ന ഈ സത്യവാങ്ങ്മൂലം സഹായകമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കസ്റ്റംസ് ഡിക്ലറേഷൻ നൽകാതെ ഇത്തരം വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നത് നിയമനടപടികളിലേക്ക് നയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്കെത്തുന്നവർ വിലകൂടിയ സാധനങ്ങൾ, അമിത അളവിലുള്ള പണം എന്നിവ തങ്ങളുടെ കൈവശം വെക്കുന്നത് ഒഴിവാക്കാനും ഹജ്ജ്, ഉംറ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Cover Image: Saudi Press Agency.