മെയ് 16, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും അമ്പത് ശതമാനം ജീവനക്കാർ ഓഫിസുകളിൽ തിരികെ എത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഈദ് അവധിക്ക് ശേഷം രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
മെയ് 13, വ്യാഴാഴ്ച്ച വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ഇതുവരെ റിമോട്ട് വർക്കിംഗ് രീതിയിലാണ് ജോലി ചെയ്തിരുന്നത്.
മെയ് 16 മുതൽ ഒമാനിലെ സർക്കാർ മേഖലയിലെ 50% ജീവനക്കാർ ഓഫിസുകളിൽ തിരികെ എത്തുന്നതാണ്. ബാക്കിയുള്ള 50% പേർക്ക് വീടുകളിൽ നിന്ന് ജോലി നിർവഹിക്കുന്ന രീതി തുടരുന്നതാണ്.
2021 മെയ് 15, ശനിയാഴ്ച്ച മുതൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായും ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാനിൽ മെയ് 15 മുതൽ രാത്രി സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതാണ്.