ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

GCC News

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (PPE – Personal Protective Equipment) വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു. വിമാനത്താവളത്തിൽ യാത്രികർ എത്തുന്ന പ്രധാന മേഖലകളിലെല്ലാം ഇത്തരം വെന്റിങ്ങ് മെഷിനുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്കും, ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്കും, മറ്റു രാജ്യങ്ങളിലേക്ക് കടന്നുപോകുന്ന യാത്രികർക്കും ഈ വെന്റിങ്ങ് മെഷിനുകളിൽ നിന്ന് മാസ്കുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള കയ്യുറകൾ, സാനിറ്റൈസറുകൾ, അണുവിമുക്തമാക്കുന്നതിനുള്ള ടിഷ്യു പേപ്പറുകൾ മുതലായ PPE ഉപകരണങ്ങളും, വിറ്റാമിൻ മരുന്നുകളും എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ PPE വെന്റിങ്ങ് മെഷിനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത്തരം PPE ഉപകരണങ്ങളും, അത്യാവശ്യ യാത്രാനുബന്ധിയായ സാധനങ്ങളും ലഭ്യമാകുന്ന ചില്ലറവില്പനശാലകളും എയർപോർട്ട് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ സുരക്ഷ കർശനമാക്കുന്നതിനും, യാത്രികരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി, സമ്പർക്കം തീർത്തും ഒഴിവാക്കുന്ന ബയോമെട്രിക് ചെക്ക്-ഇൻ സംവിധാനങ്ങൾ, മറ്റുള്ളവരുമായുള്ള സമ്പർക്കം ഇല്ലാത്ത ബോർഡിങ്ങ് പ്രക്രിയ, സ്വയം നടപ്പിലാക്കാവുന്ന ബാഗേജ് ഡ്രോപ്പ് സേവനം, കർശനമായ അണുനശീകരണ സംവിധാനങ്ങൾ തുടങ്ങി നിരവധി സുരക്ഷാ നടപടികളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്.

Cover Image: Hamad International Airport (hiaqatar on Instagram)