പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ യു എ ഇയിലെ ഇന്ത്യൻ എംബസി പങ്കു വെച്ചു. യു എ ഇയിൽ നിന്ന് മടങ്ങുന്നവർക്ക് യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ആരോഗ്യ പരിശോധനകളും, IgM/IgG പരിശോധനകളും നിർബന്ധമാക്കിയിട്ടുണ്ട്.
ഈ പരിശോധനകൾക്ക് ശേഷം, യു എ ഇ ആരോഗ്യ അധികൃതർ രോഗലക്ഷണങ്ങൾ ഇല്ലാ എന്നു കണ്ടെത്തുന്നവരെ മാത്രമായിരിക്കും യാത്ര ചെയ്യാൻ അനുവദിക്കുക.
മെയ് 7-ലെ യാത്രികരുടെ അന്തിമ പട്ടിക എംബസിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെങ്കിലും, യു എ ഇ ആരോഗ്യ അധികൃതർ അനുവാദം നൽകുന്നവർക്ക് മാത്രമായിരിക്കും വിമാനങ്ങളിൽ യാത്രചെയാനാകുക എന്ന് എംബസ്സി വ്യക്തമാക്കി. യാത്രികർക്ക് അവർ തിരികെയെത്തുന്ന ഇടങ്ങളിൽ നിർബന്ധ ക്വാറന്റീൻ നടപടികൾ ഉണ്ടായിരിക്കും. ഇത് സംബന്ധിച്ചുള്ള സമ്മതപത്രം ഓരോ യാത്രികനും ഒപ്പിട്ട് നൽകേണ്ടതാണ്. ഓരോ യാത്രികർക്കും മാസ്കുകൾ, കയ്യുറകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവ അടങ്ങിയ സുരക്ഷാ കിറ്റ് യാത്ര തുടങ്ങുന്നതിനു മുൻപ് നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ വ്യോമയാന മന്ത്രാലയം അനുശാസിക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കും വിമാന യാത്ര. യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണെന്നും, എല്ലാ തരത്തിലുള്ള ശുചിത്വ നിർദ്ദേശങ്ങളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ മടങ്ങിയെത്തുന്ന എല്ലാ യാത്രികർക്കും എയർപോർട്ടുകളിൽ വെച്ചു തന്നെ ആരോഗ്യ പരിശോധനകൾ നടത്തുന്നതാണ്. ഈ പരിശോധനകൾ നെഗറ്റീവ് ആവുന്നവർ ഉൾപ്പടെ എല്ലാവര്ക്കും 14 ദിവസത്തെ ക്വാറന്റീൻ നിര്ബന്ധമാണ്.