കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾക്കനുസൃതമായിട്ടായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം അനുവദിക്കുക എന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. ഡോ അൽ റാബിയയും, സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്തനും ചേർന്ന് സംയുക്ത്തമായി ജൂൺ 23, ചൊവ്വാഴ്ച്ച നടത്തിയ വിർച്യുൽ പത്ര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുകളുണ്ടായത്.
ഈ വർഷത്തെ ഹജ്ജ്, നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി നേരത്തെ സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു. പരിമിതമായ അളവിൽ, ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഇത്തവണത്തെ ഹജ്ജ് കര്‍മം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ആഗോളതലത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, തീർത്ഥാടകരുടെ സംരക്ഷണത്തിനും ആവശ്യമായ നടപടികൾ എടുക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചകളും ഉണ്ടാകില്ലെന്ന് ഇരു മന്ത്രിമാരും സംയുക്തമായി പ്രസ്താവിച്ചു.
അത്യധികം സുരക്ഷയോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടത്തുന്നതിനുള്ള പ്രത്യേക മാനദണ്ഡങ്ങളും ഇരു വകുപ്പുകളും ചേർന്ന് മുന്നോട്ട് വെച്ചിട്ടുണ്ട്.
- 10000-ത്തിൽ താഴെ ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം.
- വിദേശ തീർത്ഥാടകർക്ക് ഹജ്ജിനായി സൗദിയിലേക്ക് യാത്രാനുമതി നൽകില്ലെന്ന് ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.
- 65 വയസ്സിനു താഴെ പ്രായമുള്ളവരും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരുമായ തീർത്ഥാടകരെ മാത്രമേ പരിഗണിക്കൂ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
- സമൂഹ അകലം കർശനമായി പാലിക്കണം.
- തീർത്ഥാടനത്തിനു മുൻപ് ഓരോ തീർത്ഥാടകർക്കും പ്രത്യേക ആരോഗ്യ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.
- ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം, എല്ലാ തീർത്ഥാടകർക്കും ക്വാറന്റീൻ നിർബന്ധമാണ്.
- ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാർക്കും, സന്നദ്ധസേവകർക്കും പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കും.
- ഓരോ തീർത്ഥാടകന്റെയും ആരോഗ്യസ്ഥിതി ദിനവും പരിശോധിക്കുന്നതാണ്.
- തീർത്ഥാടനത്തിനിടെ, അടിയന്തിരമായ ചികിത്സകൾ ആവശ്യമായി വരുന്നവർക്കായി പ്രത്യേക ആശുപത്രി തയ്യാറാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് സുരക്ഷിതമായ ഹജ്ജ് തീർത്ഥാടനത്തിനുള്ള പ്രതിരോധ നിർദ്ദേശങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും തയ്യാറാക്കിയതെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. ബന്തൻ കൂട്ടിച്ചേർത്തു.