COVID-19 ബാധിതർക്കും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കുമുള്ള ഹോം ക്വാറന്റീൻ/ ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. രോഗബാധിതർക്കും, രോഗ ലക്ഷണങ്ങൾ ഉള്ളവർക്കും, ഐസൊലേഷനിലുള്ളവർക്കും നിർദ്ദേശിച്ചിട്ടുള്ള ഈ നിബന്ധനകൾ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി തയ്യാറാക്കിയിട്ടുള്ളതാണ്.
ക്വാറന്റീനിൽ തുടരുന്നവർ ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുതെന്നും, ഉപകരണങ്ങളും മറ്റും ശുദ്ധജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കഴിയുന്നതും പ്ലാസ്റ്റിക്ക് കൊണ്ട് നിർമിച്ചിട്ടുള്ള പാത്രങ്ങൾ മുതലായ ഉപകരണങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം. ശ്വാസം മുട്ടുന്ന തരത്തിൽ ഉള്ള മുറികളിൽ രോഗബാധിതരെ പാർപ്പിക്കരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഭക്ഷണം ഓർഡർചെയ്യുന്നതിനും മറ്റും സ്മാർട്ട് ഫോൺ ആപ്പുകൾ ഉപയോഗിക്കണം. ഭക്ഷണം മുതലായ വസ്തുക്കൾ ക്വാറന്റീൻ റൂമിലേക്ക് സ്വീകരിക്കുന്ന വേളയിൽ രോഗബാധിതർ നിർബന്ധമായും മാസ്കുകൾ ഉപയോഗിക്കണം. വീട്ടിലെ മറ്റുള്ളവരും മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നും, ഐസൊലേഷനിലുള്ളവരുമായി ഇടപഴകുമ്പോൾ 2 മീറ്റർ എങ്കിലും അകലം പാലിക്കാനും, അവർ ഉപയോഗിച്ച വസ്തുക്കൾ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത്തരത്തിൽ ഹോം ക്വാറന്റീനിൽ/ ഐസൊലേഷനിൽ തുടരുന്നവർക്ക് ശ്വാസതടസം മുതലായ ആരോഗ്യ പ്രശ്നങ്ങൾ കാണുകയാണെകിൽ ഉടൻ ആരോഗ്യ രംഗത്തെ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.