ഹോപ്പ് പ്രോബ് 100 ദശലക്ഷം കിലോമീറ്റർ പിന്നിട്ടു

GCC News

ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 100 മില്യൺ കിലോമീറ്റർ പിന്നിട്ടതായി ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഈ വേളയിൽ ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള വ്യാഴം, ശനി, ചൊവ്വാ എന്നീ ഗ്രഹങ്ങളുടെ ചിത്രങ്ങൾ ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ പങ്ക് വെച്ചു.

ഹോപ്പ് ബാഹ്യാകാശപേടകം 2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട്, ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് ജൂലൈ 20-നു പുലര്‍ച്ചെ 1.58-നാണ് (യു.എ.ഇ സമയം) വിക്ഷേപണം ചെയ്‌തത്.

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ആദ്യ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജൂലൈ 22-നു പങ്കുവെച്ചിരുന്നു. ശൂന്യാകാശത്ത് ഏകദേശം ഒരു മില്യൺ കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഹോപ്പ് ചൊവ്വയുടെ ആദ്യ ദൃശ്യം പകർത്തിയത്.