ഹോപ്പ് വിക്ഷേപണം ജൂലൈ 20-നും 22-നുമിടയിൽ; കൃത്യമായ സമയക്രമം കാലാവസ്ഥ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കും

UAE

മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 20-നും 22-നുമിടയിലാകാൻ സാധ്യതയുള്ളതായി യു എ ഇ സ്‌പേസ് ഏജൻസി അറിയിച്ചു. വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴയും, അസ്ഥിരമായ കാലാവസ്ഥയും തുടരുകയാണ്.

കാലാവസ്ഥ മെച്ചപ്പെടുകയാണെങ്കിൽ ജൂലൈ 20-നും 22-നുമിടയിൽ വിക്ഷേപണം നിശ്ചയിക്കുമെന്നാണ് ഇന്ന് (ജൂലൈ 16) യു എ ഇ സർക്കാർ അറിയിച്ചിട്ടുള്ളത്. വിക്ഷേപണത്തിന്റെ കൃത്യമായ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ജൂലൈ 15-നു നിശ്ചയിച്ചിരുന്ന ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 17, 2020 12:43am യു എ ഇ സമയത്തിലേക്ക് ആദ്യം മാറ്റിനിശ്ചയിച്ചിരുന്നു. എന്നാൽ മോശം കാലാവസ്ഥ തുടർന്നതോടെ, ജൂലൈ 17-നു തീരുമാനിച്ചിരുന്ന വിക്ഷേപണം നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.