മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ പുതുക്കിയ വിക്ഷേപണം സമയം യു എ ഇ സ്‌പേസ് ഏജൻസി ഇന്ന് (ജൂലൈ 17) രാവിലെ പ്രഖ്യാപിച്ചു. പുതുക്കിയ തീയ്യതി പ്രകാരം 2020, ജൂലൈ 20-നു രാത്രി 1.58-നാണ് (യു എ ഇ സമയം) ഹോപ്പ് വിക്ഷേപിക്കുക.
വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴയും, അസ്ഥിരമായ കാലാവസ്ഥയും തുടരുകയാണ്. ഇതിനാൽ കാലാവസ്ഥ ഇതേ നിലയിൽ തുടരുകയാണെങ്കിൽ വിക്ഷേപണം വീണ്ടും നീട്ടിവെക്കാവുന്നതാണ്.
ജൂലൈ 15-നു നിശ്ചയിച്ചിരുന്ന ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 17, 2020 12:43am യു എ ഇ സമയത്തിലേക്ക് ആദ്യം മാറ്റിനിശ്ചയിച്ചിരുന്നു. എന്നാൽ മോശം കാലാവസ്ഥ തുടർന്നതോടെ, ജൂലൈ 17-നു തീരുമാനിച്ചിരുന്ന വിക്ഷേപണം നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.