യു എ ഇയുടെ ചൊവ്വാ ദൗത്യത്തിന് തുടക്കം; ചരിത്രം കുറിച്ച് ഹോപ്പ്

GCC News

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഹോപ്പ് ബാഹ്യാകാശപേടകത്തെ വഹിച്ച് കൊണ്ടുള്ള H-IIA F42 എന്ന വിക്ഷേപണ വാഹനം ഇന്ന് (ജൂലൈ 20) പുലര്‍ച്ചെ 1.58-നാണ് (യു.എ.ഇ സമയം – ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.28-ന്) വിക്ഷേപിച്ചത്.

ഹോപ്പ് ബാഹ്യാകാശപേടകം 200 ദിവസം കൊണ്ട്, യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.

തുടർന്ന് 687 ദിവസം (ഒരു ചൊവ്വാ വർഷം) ഈ ബാഹ്യാകാശപേടകം ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.