അബുദാബിയിലെ സ്വകാര്യ ആശുപത്രികളിലെ എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചു

UAE

ഐൻ അൽ ഖലീജ്, ബുർജീൽ മെഡിക്കൽ ഗ്രൂപ്പ്, NMC ഹെൽത്ത്കെയർ എന്നിവയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും, നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. ഈ ആശുപത്രികളിൽ ഉണ്ടായിരുന്ന എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചതായും, മറ്റു രോഗികൾക്കുള്ള ആരോഗ്യപരിചരണ സേവനങ്ങൾ ആരംഭിച്ചതായും DoH വ്യക്തമാക്കിയിട്ടുണ്ട്.

എമിറേറ്റിലെ മറ്റു ആശുപത്രികളിലും നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലായെന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് DoH അറിയിച്ചിരുന്നു. ഇതോടെ അബുദാബിയിലെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നിലവിൽ COVID-19 രോഗബാധിതരാരും തന്നെ ചികിത്സയിലില്ല.

എല്ലാ ആശുപത്രികളിലും ആരോഗ്യപരിചരണ സേവനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, ശ്വാസകോശ സംബന്ധമായ ചികിത്സകൾ ആവശ്യമുള്ളവർ COVID-19 പരിചരണത്തിനായി നിശ്ചയിച്ചിട്ടുള്ള ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലോ, അൽ ഐൻ സിറ്റിയിലെ അൽ ഐൻ ഹോസ്പിറ്റലിലോ സമീപിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ആരോഗ്യപരിചരണ രംഗത്തെ എല്ലാവരുടെയും സ്ഥിരതയോടെയുള്ള പ്രയത്‌നങ്ങളും, നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തീവ്രമായ ടെസ്റ്റിംഗ് നടപടികളും ഈ നേട്ടം കൈവരിക്കുന്നതിന് വളരെയധികം സഹായിച്ചതായി DoH അറിയിച്ചു. പൊതുമേഖലയിലെയും, സ്വകാര്യ മേഖലയിലെയും ആരോഗ്യ പരിചരണ രംഗത്തെ സംയുക്തമായുള്ള പ്രവർത്തനങ്ങളും COVID-19 ബാധിതർക്ക് ചികിത്സകൾ നൽകുന്നതിൽ സഹായകമായെന്നും DoH കൂട്ടിച്ചേർത്തു.

അൽ ഐനിലെ തവാം ഹോസ്പിറ്റൽ, അഡ്‌നെക് ഫീൽഡ് ഹോസ്പിറ്റൽ, മുബദല ഹെൽത്ത് കെയർ, മെഡ്ക്ലിനിക് ആശുപത്രികൾ, ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റി, അൽ ദഫ്‌റ മേഖലയിലെ മദീനത്ത് സയ്ദ്, ഡൽമ, അൽ മർഫ, ഘായതി, ലിവ, അൽ സിലാ, റുവൈസ് ആശുപത്രികളിലും കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവർ സുഖം പ്രാപിച്ചതായി DoH നേരത്തെ അറിയിച്ചിരുന്നു.