രാജ്യത്തെ ആശുപത്രികളിൽ അത്യന്താപേക്ഷിതമല്ലാത്ത ശസ്ത്രക്രിയകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ രാജ്യത്തെ പൊതു, സ്വകാര്യ ആശുപത്രികളിൽ നിന്നും, പ്രത്യേക ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നും ഇത്തരം ശസ്ത്രക്രിയകൾ പുനരാരംഭിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.
കുവൈറ്റിലെ രോഗ്യവ്യപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. “രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ ചികിത്സകൾ സുഗമമായി ലഭ്യമാക്കുന്നതിനുള്ള ഈ തീരുമാനം, പ്രതിദിന COVID-19 കേസുകളിൽ രേഖപ്പെടുത്തുന്ന കുറവ് കണക്കിലെടുത്താണ് കൈക്കൊണ്ടിരിക്കുന്നത്.”, ഈ തീരുമാനം അറിയിച്ച് കൊണ്ട് ഓഗസ്റ്റ് 25-ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.
കുവൈറ്റിലെ നിലവിലെ സാഹചര്യങ്ങൾ മന്ത്രാലയം വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. COVID-19 വ്യാപന പശ്ചാത്തലത്തിൽ കുവൈറ്റിലെ ആശുപത്രികളിൽ അത്യന്താപേക്ഷിതമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും താത്‌കാലികമായി നിർത്തിവെച്ചിരുന്നു.