“എൻറെ കൊച്ചു വീട് സ്നേഹമുള്ള വീട്
അമ്മയുള്ള അച്ഛനുള്ള അനിയനുള്ള വീട്“
കുട്ടിക്കാലത്ത് നാം കേട്ട് ചൊല്ലിപ്പഠിച്ച വരികൾ; തിരക്കും വാശിയും പിടിച്ചോടിപ്പായുന്ന പിൽക്കാലത്ത് നാം പലരും മറന്നു പോയ വരികളും. എന്നാൽ ഈ വരികൾക്ക് ഇന്നത്തെ നമ്മുടെ ലോക്ക്ഡൗൺ കാലഘട്ടത്തിൽ വലിയ പ്രസക്തി തോന്നിപ്പോകുന്നു. വീടെന്നാൽ അന്തിയുറങ്ങാൻ മാത്രമുള്ള ഒരു ഉപാധിയായി ചിന്തിച്ചിരുന്ന നമുക്ക് മുന്നിൽ ഒരുമയുടെയും പരസ്പ്പര കരുതലിന്റെയും കേന്ദ്ര ബിന്ദുവായി നമ്മുടെ ഓരോരുത്തരുടെയും വീടുകൾ മാറിക്കഴിഞ്ഞു. നമ്മുടെ ദേശത്തെ ഒന്നായി ലോക്ക്ഡൗൺ ചെയ്ത് നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബുദ്ധിമുട്ടിലാക്കി എന്ന് ചിന്തിക്കാതെ, ഈ 21 ദിവസം നമുക്ക് നമ്മുടെ കുടുംബത്തോടൊപ്പം ഭാരങ്ങളില്ലാതെ കഴിയാൻ അവസരം ലഭിച്ചു എന്ന രീതിയിൽ കാണേണ്ടത് അനിവാര്യമായി കണക്കാക്കാം. കർഫ്യു നിലവിലുള്ള നാടുകളിലെ പ്രവാസികൾക്കും ഇങ്ങിനെ ചിന്തിക്കാവുന്നതാണ്. മാനസ്സികമായി നമ്മൾ നമുക്കൊരുത്തരുടേയും കുടുംബത്തോടൊപ്പം വിലയേറിയ സമയം ഒത്തുചേർന്നു നില്ക്കാനും ഭാരമേറിയ ചിന്തകൾ കുറച്ച് ദിവസത്തേയ്ക്ക് ഇറക്കിവയ്ക്കാനും ഈ കൊറോണക്കാലത്ത് നമുക്ക് കഴിയട്ടെ.
2019-ൽ ഒരു ഇന്ത്യൻ പൗരൻറെ ശരാശരി ആയുഷ്ക്കാലം കണക്കുകൾ അനുസരിച്ച് 68.7 വർഷമായി കണക്കാക്കപ്പെടുന്നു, ഇനി അത് 70 വയസ്സ് എന്ന് തന്നെ കരുതിയാലും നാം എത്ര ദിനം ജീവിച്ചിട്ടുണ്ടാകും?, വെറും 25,550 ദിനരാത്രങ്ങൾ മാത്രം. ഇതിൽ പാതി സമയവും നാം ഉണ്ണാനും, ഉടുക്കാനും, ഉറങ്ങാനും ചിലവഴിക്കുന്നു. ശേഷിക്കുന്ന സമയമത്രയും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനും, അതിനെക്കുറിച്ചുള്ള വേവലാതികളിലും ആശങ്കകളിലും അകപ്പെട്ട് സമയം തള്ളിനീക്കുന്നു. തൊഴിലിടങ്ങളിലും, തെരുവുകളിലും, ജോലി സമ്മർദ്ദങ്ങളിലും, വാഹനങ്ങളിലും ഒക്കെയായി ആ സമയവും കടന്നുപോകും. പിന്നെ കുറച്ച് സമയം വീണുകിട്ടിയാലോ മൊബൈൽ ഫോണിന്റെ കുഞ്ഞു സ്ക്രീനിലേക്ക് തലയും ബുദ്ധിയും താഴ്ത്തി ഇറങ്ങിച്ചെല്ലുവാനും നമ്മൾ ശീലിച്ചു കഴിഞ്ഞു. ഓർത്തുനോക്കൂ ഇതിനൊക്കെയിടയിൽ നാം എപ്പോഴാണ് ജീവിച്ചിട്ടുള്ളത്! ഏതെല്ലാം വേളകളിലാണ് നാം വീട്, കുടുംബം, കുട്ടികൾ എന്നീ യാഥാർത്ഥ്യങ്ങൾ അനുഭവിച്ചിട്ടുണ്ടാകുക? ഉത്തരങ്ങൾ കിട്ടാതെ നമ്മൾ തല താഴ്ത്തിക്കളയുന്നു എങ്കിൽ, ഈ ലോക്ക് ഡൗൺ കാലത്തുതന്നെ നമുക്കതിന് ഉത്തരം കണ്ടെത്താം.
“ഇപ്പോൾ സമയമില്ല തിരക്കാണ്”, “പിന്നീടാകാം” എന്നെല്ലാം ചിന്തിക്കുന്ന എത്രയോ കൊച്ചു കൊച്ചു കാര്യങ്ങൾ നമുക്കെല്ലാവർക്കും കാണും; കുട്ടികളുടെ കളിചിരികളിലും, കഥപറച്ചിൽ നേരംപോക്കുകളിലും പങ്കുചേരുക, വീട്ടിൽ ഒരു ചെറിയ പച്ചക്കറി തോട്ടം വയ്ച്ചു പിടിപ്പിക്കുക, പൂന്തോട്ട പരിപാലനം, കുട്ടികളോടൊന്നിച്ച് ചെറിയ ചെറിയ കരകൗശല വസ്തുക്കൾ നിർമ്മിക്കുക, പാചകപരീക്ഷണങ്ങൾ നടത്തുക അഥവാ പരാജയപ്പെട്ടാലും ആ അരുചിയെ ഓർമ്മകളിൽ സൂക്ഷിക്കാനുള്ള നല്ല തമാശയായി സൂക്ഷിക്കുക, കുട്ടിക്കാലത്തെക്കുറിച്ചോർക്കുക, കാലങ്ങളായി ഉറങ്ങുന്ന പുസ്തകങ്ങളെ പൊടിതട്ടിയുണർത്തി കൂട്ടുകാരായി കണ്ടുകൊണ്ട് വായിക്കുക, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കങ്ങൾ പറഞ്ഞു തീർക്കുക അങ്ങിനെ പല കാര്യങ്ങളും നമുക്ക് ഈ ചുരുങ്ങിയ 21 ദിവസത്തെ ലോക്ക്ഡൗൺ കാലയളവിൽ ചെയ്യാനാകും. നിയന്ത്രണങ്ങൾ കാരണം റൂമിൽ അടച്ചിരിക്കുന്ന പ്രവാസികൾക്കും ഈ സമയം മൂല്യവത്തായി ഉപയോഗിക്കാം. സദാസമയവും മൊബൈലിൽ കുത്തിയിരിക്കുന്നതിനു പകരം പൊടിയടിച്ച് പോയ ക്യാരംബോർഡും അതിനുചുറ്റുമുള്ള നർമ്മ സംഭാഷണങ്ങളിലും പങ്കുചേരാവുന്നതാണ്. പോയകാലത്തെ കുറിച്ച് സൊറപറയാം. മൊബൈലിൽ നടത്തുന്ന ഖനമുള്ള ചിന്തകളും, ഘോരഘോരം ഭാഷണങ്ങളും അല്ലാതെ കുറച്ച് നേരം ഉടമ്പടികളില്ലാതെ പരസ്പ്പരം സംസാരിക്കാം, പ്രശ്നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന നാക്കുകൊണ്ട് പരിഹാരത്തേ കുറിച്ചും, പരിശ്രമങ്ങളെക്കുറിച്ചും, ജീവിത വെല്ലുവിളികളെ സധൈര്യം നേരിടേണ്ടതിന്റെ ആവശ്യകതയേ കുറിച്ചും നമ്മുടെ കുടുംബങ്ങളോടും, കൂട്ടുകാരോടും പങ്കുവയ്ക്കാം.
ഇന്ന് നാം നേരിടുന്ന COVID-19 വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. അതിനായി നാം നമുക്കേറ്റവും സുരക്ഷിതത്വം നൽകുന്ന നമ്മുടെ വീടുകളിൽ തുടരണമെന്ന് മാത്രമാണ് ഭരണ സംവിധാനങ്ങളും, ആരോഗ്യവകുപ്പും ആവശ്യപ്പെടുന്നത്. ഈ നിയത്രണങ്ങൾ നമ്മുടെ നിലനില്പിനുള്ളതാണ്, വീട്ടിലിരുന്നുകൊണ്ട് ലോകത്തെ രക്ഷിക്കേണ്ട വലിയ ചുമതലയാണ് ഇന്ന് ഓരോ പൗരനിലും നിക്ഷിപ്തമായിട്ടുള്ളത്. ചരിത്രം പോലും കോറോണയ്ക്ക് മുൻപും കോറോണയ്ക്ക് ശേഷവും എന്ന് വിഭചിക്കപ്പെടുന്ന ഈ ദശാസന്ധിയിൽ നാം തികഞ്ഞ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തേണ്ടതുണ്ട്. കോളനി വാഴ്ചയ്‌ക്കെതിരെ നാം പ്രയോഗിച്ച നിയമലംഘന പ്രസ്ഥാനം കോറോണയ്‌ക്കെതിരെ വിലപ്പോവില്ല. ഇവിടെ നിയമം അനുസരിച്ചുകൊണ്ട്, ഗൃഹഭരണമെന്ന ഹോം റൂൾ പ്രസ്ഥാനത്തിൽ തുടരുവാൻ ഏവരും ശ്രദ്ധിക്കേണ്ടത് അനിവാര്യം. അല്ലാത്ത പക്ഷം ഈ ലോക്ക്ഡൗൺ കാലം ലോക്കപ്പ് കാലമായി പോലീസ് മാറ്റിത്തരുമെന്നത് നാം ഓരോരുത്തരും മറക്കരുതാത്ത വസ്തുതയാണ്. ധീരതയും കൂസലില്ലായ്മയുമൊക്കെ നല്ലതുതന്നെ പക്ഷെ ഇനിയും മരുന്ന് സ്ഥിതീകരിച്ചിട്ടില്ലാത്ത COVID-19 വൈറസ്സിനോട് നമ്മുടെ മുഷ്ക്ക് കാണിക്കണ്ട. 2020-ൽ പുതുവർഷത്തിലേയ്ക്ക് പുത്തൻ പ്രതീക്ഷകളുമായി കടന്നു വന്ന മുപ്പത്തിനായിരത്തിൽ പരം മനുഷ്യർ ഇതിനോടകം ഈ അസുഖത്തിന് മുന്നിൽ കീഴടങ്ങിയിരിക്കുന്നു. നാട് ചുറ്റാനിറങ്ങി പൊലീസിനോട് അഹങ്കാരം കാണിക്കുന്ന നാം ഇത് ചിന്തിക്കണം, നമ്മുടെ കൂട്ടായ പ്രയത്നത്താൽ മാത്രമേ നമുക്ക് ഈ പ്രതിസന്ധി അതിജീവിക്കാൻ സാധിക്കൂ.
നമുക്ക് ജീവിക്കാം, തിരക്കുകളിൽപെട്ട് നഷ്ട്ടമായ പല കൊച്ചു കാര്യങ്ങളും തിരിച്ചുപിടിക്കാനുള്ളതായി കണക്കാക്കാം ഈ ഗൃഹവാസക്കാലം. വീടുകളിൽ വസന്തം വിരിയിക്കുന്നതാകട്ടെ ഈ ലോക്ക് ഡൗൺ കാലഘട്ടം, ഒപ്പം ഒരുമയോടെ നിന്ന് നമുക്ക് ഈ പ്രതിസന്ധിക്കാലം അതിജീവിക്കാം…