COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫൈസർ, ബയോ എൻ ടെക് വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികൾ ഡിസംബർ 23, ബുധനാഴ്ച്ച മുതൽ ദുബായിൽ ആരംഭിച്ചു. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 23-നു പുലർച്ചെ എമിറേറ്റിലെത്തിയിരുന്നു.
ബുധനാഴ്ച്ച ദുബായിൽ ആരംഭിച്ച വാക്സിനേഷനിൽ 84 വയസുള്ള യു എ ഇ പൗരനായ അലി സലേം അലി അലദിദി ആദ്യ കുത്തിവെപ്പ് സ്വീകരിച്ചു. തുടർന്ന് ദുബായ് ആംബുലൻസ് പ്രവർത്തക ഷമ്മ സൈഫ് റഷീദ് അലലിലി, DHA നേഴ്സ് ആഷ സൂസൻ ഫിലിപ്, RTA ഡ്രൈവർ ആസിഫ് ഖാൻ ഫസൽ സുബ്ഹാൻ, ദുബായ് പൊലീസിലെ ആദിൽ ഹസ്സൻ ശുക്രല്ല തുടങ്ങിയവർ വാക്സിൻ സ്വീകരിച്ചു.
ഫൈസർ നിർമ്മിക്കുന്ന ഈ വാക്സിന് യു എ ഇയിൽ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി ആരോഗ്യ മന്ത്രാലയം ഡിസംബർ 22-നു രാത്രി നൽകിയിരുന്നു. തുടർന്ന് ബുധനാഴ്ച്ച മുതൽ ഈ വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികൾ ആരംഭിക്കാൻ ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ മുൻഗണനാ ക്രമപ്രകാരം നാല് വിഭാഗങ്ങളിലുള്ളവർക്കാണ് ഈ വാക്സിൻ ലഭ്യമാക്കുന്നതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കിയിട്ടുണ്ട്:
- 60 വയസ്സിനു മുകളിൽ പ്രായമുള്ള യു എ ഇ പൗരന്മാർ, പ്രവാസികൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ശാരീരിക വിഷമതകൾ ഉള്ളവർ.
- പൊതു, സ്വകാര്യ മേഖലകളിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പ്രവർത്തകർ.
- നിര്ണ്ണായക മേഖലകളിൽ തൊഴിലെടുക്കുന്നവർ.
- വാക്സിൻ സ്വീകരിക്കാൻ താത്പര്യമുള്ള മറ്റുള്ളവർ.
ഈ നാലു വിഭാഗങ്ങളിലുള്ളവർക്ക് മുൻഗണനാ ക്രമപ്രകാരം വാക്സിൻ നൽകുന്നതിനുള്ള നടപടികൾ DHA സ്വീകരിക്കുന്നതാണ്.
ഫൈസർ COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നൽകുന്ന DHA ആരോഗ്യ കേന്ദ്രങ്ങൾ:
നിലവിൽ ആറ് DHA ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ചാണ് ഫൈസർ COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ കുത്തിവെപ്പുകൾ നൽകുന്നത്.
- സബീൽ പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- അൽ മിസാർ പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- നാദ് അൽ ഹമ്ര പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- ബർഷ പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- അപ്പ്ടൌൺ മിർദിഫ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ.
- ഹത്ത ഹോസ്പിറ്റൽ.
ദുബായിൽ ഫൈസർ COVID-19 വാക്സിൻ ലഭിക്കുന്നതിനായി എങ്ങിനെ മുൻകൂർ ബുക്കിംഗ് ചെയ്യാം?
DHA-യുടെ സ്മാർട്ട് ആപ്പ്, അല്ലെങ്കിൽ DHA ടോൾ ഫ്രീ നമ്പറായ 800 342 എന്നിവയിലൂടെ യു എ ഇ നിവാസികൾക്ക് ദുബായിൽ ഫൈസർ COVID-19 വാക്സിൻ ലഭിക്കുന്നതിനായി മുൻകൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ള 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, 18 വയസ്സിനു മുകളിൽ പ്രായമുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, COVID-19 പ്രതിരോധത്തിൽ പങ്കെടുക്കുന്ന ആരോഗ്യ പ്രവർത്തകർ എന്നീ വിഭാഗങ്ങളിലുള്ളവർക്കാണ് നിലവിൽ മുൻകൂർ ബുക്കിംഗ് അനുമതി നൽകുന്നത്.
ഈ വാക്സിൻ നിർബന്ധമല്ല എന്നും, നിവാസികൾക്ക് വാക്സിനേഷനിൽ പങ്കെടുക്കണമോ എന്നത് സ്വയം തീരുമാനിക്കാമെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്. COVID-19 ബാധിച്ചിട്ടുള്ളവർക്ക്, രോഗബാധ കണ്ടെത്തി മൂന്ന് മാസത്തിനു ശേഷം മാത്രമാണ് വാക്സിനേഷനിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. വാക്സിനേഷനിൽ പങ്കെടുക്കുന്നവർ, കുത്തിവെപ്പ് സ്വീകരിച്ച ശേഷവും മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ എമിറേറ്റിലെ എല്ലാ പ്രതിരോധ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്.