രാജ്യത്തെ മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് തൊഴിലുകളിൽ 2022 ഏപ്രിൽ 1 മുതൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) വ്യക്തമാക്കി. ഈ നടപടിയിലൂടെ സൗദി പൗരന്മാർക്കായി ഏതാണ്ട് പന്തീരായിരം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഒക്ടോബർ 24-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നിതാഖാത് പദ്ധതി പ്രകാരമുള്ള പരിരക്ഷ ഉപയോഗപ്പെടുത്തുന്നതിനായി സ്ഥാപനങ്ങൾക്ക് ഇത്തരം തൊഴിലുകളിൽ നിയമിക്കുന്ന സൗദി ജീവനക്കാർക്ക് 5500 റിയാൽ അടിസ്ഥാന ശമ്പളം നൽകേണ്ടി വരുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് HRSD വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ് അൽ രജ്‌ഹി ഒരു മന്ത്രിതല ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് അനുസരിച്ച് മാർക്കറ്റിംഗ് മേഖലയിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ നിയമിച്ചിട്ടുള്ള സ്വകാര്യ സ്ഥാപങ്ങളിലെ 30 ശതമാനം തൊഴിലുകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.
മാനേജർ, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അഡ്വെർടൈസിങ്ങ് ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ, മാർക്കറ്റിംഗ് സെയിൽസ് എക്സ്പെർട്ട്‍, അഡ്വെർടൈസിങ്ങ് ഡിസൈനർ, കൊമേർഷ്യൽ അഡ്വെർടൈസിങ്ങ് ഫോട്ടോഗ്രാഫർ തുടങ്ങിയ മാർക്കറ്റിംഗ് പദവികളിലാണ് ഈ തീരുമാനം ബാധകമാക്കിയിട്ടുള്ളത്.