ദുബായ്: ഹത്തയിലെ ജലവൈദ്യുത നിലയം 58.48 ശതമാനം പൂർത്തിയായി

GCC News

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) കീഴിൽ ഹത്തയിൽ നിർമ്മിക്കുന്ന പമ്പ്ഡ്-സ്റ്റോറേജ് ജലവൈദ്യുത നിലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 58.48% പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2022 ഡിസംബർ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ജി സി സിയിലെ ഇത്തരത്തിലുള്ള ആദ്യ സ്റ്റേഷനാണിത്. ഏതാണ്ട് 1.421 ബില്യൺ ദിർഹം വരെ നിക്ഷേപമുള്ള ഈ പദ്ധതി 2024ലെ നാലാം പാദത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

250 മെഗാവാട്ട് (MW) ഉൽപ്പാദന ശേഷിയും, 1,500 മെഗാവാട്ട് മണിക്കൂർ സംഭരണശേഷിയുമുള്ള ഈ ജലവൈദ്യുത നിലയം 80 വർഷം വരെ നിലനിൽക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്യുന്നത്. DEWA എംഡിയും. സി ഇ ഒയുമായ സയീദ് മുഹമ്മദ് അൽ തായർ ഈ ജലവൈദ്യുത നിലയത്തിന്റെ പ്രവർത്തന പുരോഗതി പരിശോധിക്കുന്നതിനായി ഇവിടെ സന്ദർശനം നടത്തി.

ജലവൈദ്യുത നിലയത്തിലെ നിർമ്മാണ സ്ഥലം അൽ തായർ പരിശോധിച്ചു. പവർ ജനറേറ്റർ സൈറ്റ്, അപ്പർ ഡാം എന്നിവിടങ്ങളും അദ്ദേഹം സന്ദർശിച്ചു. അപ്പർ ഡാമിന്റെ 72 മീറ്റർ മെയിൻ റോളർ കോംപാക്ടഡ് കോൺക്രീറ്റ് (ആർസിസി) ഭിത്തിയുടെ നിർമാണം പൂർത്തിയായി. രണ്ട് അണക്കെട്ടുകളെയും ബന്ധിപ്പിക്കുന്ന 1.2 കിലോമീറ്റർ നീളമുള്ള വാട്ടർ ടണലിന്റെ പ്രവർത്തന പുരോഗതിയും അൽ തായർ പരിശോധിച്ചു. വാട്ടർ ടണലിന്റെ കോൺക്രീറ്റ് ലൈനിങ് പൂർത്തിയായിട്ടുണ്ട്.

2050-ഓടെ എമിറേറ്റിലെ 100 ശതമാനം വൈദ്യുതിയും ക്ലീൻ എനർജി സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നിവയുടെ ഭാഗമാണ് ഈ പവർ പ്ലാന്റ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഹത്തയിലെ പൗരന്മാർക്ക് നൂതനമായ തൊഴിലവസരങ്ങൾ നൽകുന്നതിനു പുറമേ, ഹത്ത വികസിപ്പിക്കാനും അതിന്റെ സാമൂഹിക, സാമ്പത്തിക, വികസന, പാരിസ്ഥിതിക ആവശ്യങ്ങൾ നിറവേറ്റാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ദുബായിലെ പുനരുപയോഗിക്കാവുന്നതും, നിര്‍ദ്ദോഷമായതുമായ സ്രോതസ്സുകളിൽ നിന്നുമായി ഊർജ ഉൽപ്പാദനം വൈവിധ്യവത്കരിക്കുന്നതിനായി DEWA ആരംഭിച്ച പദ്ധതികളുടെയും സംരംഭങ്ങളുടെയും ഭാഗമാണ് ഹത്തയിലെ ജലവൈദ്യുത നിലയമെന്ന് അൽ തായർ അഭിപ്രായപ്പെട്ടു. സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ, സാന്ദ്രീകൃത സൗരോർജ്ജം, പുനരുപയോഗ ഊർജം ഉപയോഗിച്ചുള്ള ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനം എന്നിങ്ങനെ ലഭ്യമായ വിവിധ സാങ്കേതികവിദ്യകൾ ഇതിൽ ഉൾപ്പെടുന്നു.

WAM