മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യു എ യിലേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന. ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, ഒക്ടോബർ 7, ബുധനാഴ്ച്ച വൈകീട്ട് മുതൽ ദുബായ് എയർപോർട്ടിലൂടെ യു എ ഇയിലേക്കെത്തിയ ഏതാനം യാത്രികർക്ക് ഇമിഗ്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നേരിട്ടിരുന്നു.
മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ പ്രകാരമാണ് ഇമിഗ്രേഷനിൽ ഇത്തരം തടസ്സങ്ങൾ ഉണ്ടായതെന്നാണ് വിമാനത്താവളത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതിനെ തുടർന്ന്, ദുബായ് എയർപോർട്ടിലൂടെയുള്ള യാത്രാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയതായി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ ഇന്ത്യൻ സമൂഹത്തിന് അറിയിപ്പ് നൽകി.
ദുബായ് വിമാനത്താവളത്തിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പ്രകാരം, യാത്രികർ താഴെ പറയുന്ന മാറ്റങ്ങൾ, ദുബായിലെത്തിയ ശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി, ശ്രദ്ധിക്കണമെന്ന് കോൺസുലേറ്റ് അറിയിപ്പിൽ പറയുന്നു.
- ഈ അറിയിപ്പ് പ്രകാരം ദുബായിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന മുഴുവൻ റെസിഡൻസി വിസകൾക്കും, രാജ്യത്ത് പ്രവേശിക്കുന്നതിന് യു എ ഇ അധികൃതരിൽ നിന്നുള്ള മുൻകൂർ അനുവാദം നിർബന്ധമാക്കിയിട്ടുണ്ട്.
- ദുബായ് റെസിഡൻസി വിസകളിലുള്ളവർക്ക് ആവശ്യമായിട്ടുള്ള GDRFA മുൻകൂർ അനുവാദം എന്ന നിബന്ധന തുടരുന്നതാണ്. https://smart.gdrfad.gov.ae/ എന്ന വിലാസത്തിൽ നിന്ന് ഇത്തരക്കാർക്ക് എൻട്രി പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്.
- മറ്റു എമിറേറ്റുകളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ICA മുൻകൂർ അനുവാദം നിർബന്ധമാക്കിയിട്ടുണ്ട്. https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന വിലാസത്തിൽ നിന്ന് ഈ അനുവാദം നേടാവുന്നതാണ്.
ഇത് താത്കാലികമായ തീരുമാനമാണോ എന്നതിനെ കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല.