രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താനുള്ള ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷന്റെ തീരുമാനം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതുമായി ബന്ധപ്പെട്ട ‘519/ 2022’ എന്ന ഔദ്യോഗിക തീരുമാനമാണ് ജനുവരി 1-ന് പ്രാബല്യത്തിൽ വന്നത്.
ഇതോടെ ഒമാനിലെ വാണിജ്യ സ്ഥപനങ്ങൾക്കും, വ്യക്തികൾക്കും രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി മുതൽ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രാലയം 2022 സെപ്റ്റംബർ 18-ന് അറിയിച്ചിരുന്നു.
ഈ നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്.
2021 ജനുവരി 1 മുതൽ ഒമാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരുന്നു. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന ഈ നടപടിയുടെ തുടർച്ചയെന്നോണമാണ് ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനം.