ബഹ്‌റൈൻ: വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിച്ചു

GCC News

മാർച്ച് 14, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിച്ചതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന വിദ്യാഭ്യാസ രീതി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഇത്തരം അധ്യയനം ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചത്.

രാജ്യത്തെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ മാർച്ച് 14 മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചത്. രാജ്യത്തെ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സുമായി കൂടിയാലോചിച്ച ശേഷമാണ് മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

ബഹ്‌റൈനിലെ പൊതു, സ്വകാര്യ സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ യൂണിവേഴ്സിറ്റികൾ, നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, പൊതു മേഖലയിലെ പുനരധിവാസ കേന്ദ്രങ്ങൾ, സ്വകാര്യ ട്രെയിനിങ്ങ് സ്ഥാപനങ്ങൾ എന്നിവയിൽ വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് മാർച്ച് 11-ന് വൈകീട്ട് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നടപടി ഇത്തരം സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നിർബന്ധമാക്കിയിട്ടില്ല. ഓരോ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് വിദൂര പഠന പദ്ധതി, അല്ലെങ്കിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന പദ്ധതി ഇവയിലൊന്ന് തിരഞ്ഞെടുക്കുന്നതിന് മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്.