കുവൈറ്റ്: വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം പുനരാരംഭിച്ചു

Kuwait

2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3, ഞായറാഴ്ച്ച കുവൈറ്റിലെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തിരികെ പ്രവേശിച്ചു. ഏതാണ്ട് ഒരു വർഷത്തിലധികം നീണ്ട് നിന്ന ഇടവേളയ്ക്ക് ശേഷമാണ് പൊതുവിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നത്.

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള മുൻകരുതൽ നടപടികൾ, സംവിധാനങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അലി അൽ മുദഫ്‌ ആദ്യ ദിനം ഏതാനം വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി.

പുതിയ അധ്യയന വർഷത്തിൽ അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് കുവൈറ്റിലെ പൊതു വിദ്യാലയങ്ങളിലെത്തിയത്. കർശനമായ COVID-19 സുരക്ഷാ നടപടികളോടെയാണ് വിദ്യാലയങ്ങൾ തുറന്നിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് ആഴ്ച്ച തോറും നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് PCR പരിശോധനയിൽ ഇളവ് നൽകിയിട്ടുണ്ട്.

വിദ്യാലയങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇൻഫോർമേഷൻ മന്ത്രാലയം എന്നിവരുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 27 മുതൽ ആരംഭിച്ചിരുന്നു.