യു എ ഇ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് GCAA

GCC News

ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ യാത്രാ വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് സൂചന.

ഈ അറിയിപ്പ് പ്രകാരം ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കോംഗോ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ഉഗാണ്ട, സിയേറ ലിയോൺ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്ന യാത്രികർക്ക് യു എ ഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതാണ്. GCAA ജൂലൈ 18-ന് പുറത്തിറക്കിയ ഒരു വിജ്ഞാപനം ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

ആഗോള തലത്തിലെ സ്ഥിതിഗതികൾ അധികൃതർ നിരന്തരം നിരീക്ഷിച്ച് വരുന്നതായും, യാത്രാ സംബന്ധമായ തീരുമാനങ്ങൾ ഇത്തരം സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ കൈക്കൊള്ളുമെന്നും, അറിയിക്കുമെന്നും GCAA വിജ്ഞാപനത്തിലൂടെ വ്യക്തമാക്കുന്നു. യാത്ര വിലക്കുകളിൽ യു എ ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര പ്രതിനിധികൾ, മുൻകൂർ അനുമതി നേടിയ ബിസിനസുകാർ, ഗോൾഡ്, സിൽവർ റെസിഡൻസി പെർമിറ്റ് ഉടമകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള ഇളവുകൾ തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് നേരത്തെ അറിയിച്ചിരുന്നു.