അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 മാർച്ച് 31 വരെ തുടരാൻ ഇന്ത്യ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഫെബ്രുവരി 26-നാണ് DGCA ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഫെബ്രുവരി 28-ന് അവസാനിക്കാനിരുന്ന സാഹചര്യത്തിലാണ് ഇവ നീട്ടുന്നതിന് DGCA തീരുമാനിച്ചത്.
“വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിലേക്കും/ ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തുന്നത് സംബന്ധിച്ച് 2020 ജൂൺ 26-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം ഭാഗികമായി ഭേദഗതി ചെയ്യുന്നതിലൂടെ, ഈ വിലക്കുകൾ 2021 മാർച്ച് 31, 11:59 PM വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു”, ഫെബ്രുവരി 26-ന് DGCA പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ വിലക്കുകൾ ചരക്ക് ഗതാഗതത്തിനുള്ള സർവീസുകളെയും, എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക വിമാനസർവീസുകളെയും ബാധിക്കുന്നതല്ല. ഇത്തരം സർവീസുകൾ തുടരുന്നതാണ്.
ഇന്ത്യ നിലവിൽ 27 രാജ്യങ്ങളുമായി എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിമാനസർവീസുകൾ നടത്തുന്നുണ്ട്. എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ വിമാന സർവീസ് നടത്തുന്ന രാജ്യങ്ങളുടെ പട്ടിക https://www.civilaviation.gov.in/en/about-air-transport-bubbles എന്ന വിലാസത്തിൽ ലഭ്യമാണ്.