ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി, നവംബർ 9 മുതൽ ഇരു രാജ്യങ്ങൾക്കിടയിലുമുള്ള വ്യോമയാന സേവനങ്ങൾ നടത്തുന്നതിനുള്ള അനുമതി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഒമാൻ എയർ, സലാം എയർ എന്നീ വിമാനകമ്പനികൾക്ക് മാത്രമാക്കി ചുരുക്കി. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള എയർ ബബിൾ കരാറിലെ വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതോടെയാണ് ഏതാനം സ്വകാര്യ വിമാനക്കമ്പനികളുടെ പ്രവർത്തനാനുമതി പിൻവലിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ഇതോടെ നവംബർ 9 മുതൽ ഇൻഡിഗോ, ഗോ എയർ എന്നീ വിമാനക്കമ്പനികളുടെ മസ്കറ്റിൽ നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള, എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിലുള്ള വ്യോമയാന സേവനങ്ങൾ നിർത്തലാകുന്നതാണ്. ഇത് സംബന്ധിച്ച് ഇൻഡിഗോ യാത്രികർക്കും, ട്രാവൽ ഏജൻസികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.
എയർ ബബിൾ കരാറിലെ ഭേദഗതികൾ മൂലം നവംബർ 9 മുതൽ ഇൻഡിഗോ ഇന്ത്യ – ഒമാൻ വ്യോമയാന സേവനങ്ങൾ റദ്ദാക്കുന്നതായാണ് അറിയിപ്പിൽ പറയുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകുമെന്നാണ് അറിയുന്നത്. നവംബർ 8 വരെ ഈ വിമാനകമ്പനികൾ സേവനങ്ങൾ തുടരുന്നതാണ്.
ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിലാണ് നിലവിൽ ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിന്റെ ഭാഗമായി, ഇരു രാജ്യങ്ങൾക്കിടയിലെ വ്യോമയാന സേവനങ്ങൾ നടത്തുന്നത്.