ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി

Oman

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ ഇരുരാജ്യങ്ങളും പൂർത്തിയാക്കി. 2025 ഡിസംബർ 17-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി H.E. ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയൂഷ് ഗോയൽ എന്നിവർ തമ്മിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു. ഇന്ത്യ – ഒമാൻ സാമ്പത്തിക, വ്യാപാര സഹകരണം ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തിയിരുന്നു.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2025 ഡിസംബർ 17-ന് ഒമാനിലെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചർച്ചകൾ.

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ താമസിയാതെ ഒപ്പ് വെക്കുമെന്ന് ഒമാൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഈ കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കരാർ ഒപ്പ് വെക്കുന്നതിന് മുന്നോടിയായുള്ള അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ കരാർ ഇന്ത്യയിലെയും, ഒമാനിലെയും ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്ന് കൊടുക്കുമെന്നും, വാണിജ്യ, വ്യാപാര നീക്കങ്ങൾ സുഗമമാകുമെന്നും, പൊതു – സ്വകാര്യ മേഖലകളുടെ സഹകരണം കൂടുതൽ മികച്ചതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ കരടിന് ഒമാൻ ഷൂറ കൗൺസിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് അംഗീകാരം നൽകിയിരുന്നു.