ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 ജനുവരി 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഓഗസ്റ്റ് 18 മുതലാണ് ഈ കരാർ നിലവിൽ വന്നത്.
ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ ഒപ്പുവെച്ച ഈ കരാർ പ്രകാരം, 2020 ഡിസംബർ 31 വരെയായിരുന്നു ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്താൻ അനുമതി നൽകിയിരുന്നത്. ഈ കരാറാണ് ഇപ്പോൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ കൂടിയാലോചിച്ച് 2021 ജനുവരി 31 വരെ തുടരാൻ തീരുമാനിച്ചതായി എംബസി വ്യക്തമാക്കിയത്. ഡിസംബർ 30-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഖത്തറിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ തുടരുന്നതോടൊപ്പം, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും, ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർക്ക് ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ഉപയോഗപ്പെടുത്തി യാത്ര ചെയ്യാനുള്ള ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായും എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഇളവ് പ്രകാരം, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും, ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർക്ക് ദോഹയിലെ വിമാനത്താവളത്തിലൂടെ ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്നതിന് അനുമതി ലഭിക്കുമെന്ന് എംബസി കൂട്ടിച്ചേർത്തു. ഈ സംവിധാനം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും പ്രയോജനപ്പെടുത്താൻ അവസരം നൽകുമെന്നും എംബസി കൂട്ടിച്ചേർത്തു.