അടിയന്തിര സാഹചര്യങ്ങളിൽ ഉള്ള പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ, യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7, വ്യാഴാഴ്ച്ച രണ്ട് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തിങ്കളാഴ്ച്ച രാത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മെയ് 7-നു അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും, ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് പ്രത്യേക വിമാനങ്ങൾ സർവീസുകൾ നടത്തുക. ഈ സർവീസുകളിൽ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നവരുടെ പട്ടിക, നേരത്തെ എംബസി വഴി രജിസ്റ്റർ ചെയ്തവരിൽ നിന്ന്, ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് തീരുമാനിക്കും. ആദ്യ ഘട്ടത്തിൽ മടങ്ങാൻ തിരഞ്ഞെടുക്കപ്പെടുന്നവരെ എംബസിയിൽ നിന്ന് നേരിട്ട് ഇമെയിലിലൂടെയും, ഫോണിലൂടെയും ബന്ധപ്പെടുന്നതാണെന്ന് അറിയിപ്പിൽ പറയുന്നു.
ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ, പ്രായമായവർ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ തുടങ്ങിയവരെയാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കുന്നത്. ടിക്കറ്റ് നിരക്കുകളും, മറ്റ് യാത്രാ നിബന്ധനകളും, ക്വാറന്റീൻ ഉൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ടറിയിക്കുന്നതാണ്. ടിക്കറ്റ് നിരക്കുകൾ യാത്രികർ വഹിക്കേണ്ടിവരുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. എംബസ്സി തയ്യാറാക്കുന്ന പട്ടികയിൽ നിന്നുള്ളവർക്ക് മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
മെയ് 7-നു ശേഷമുള്ള വിമാന സർവീസുകളെ കുറിച്ച് എംബസ്സി വരും ദിനങ്ങളിൽ അറിയിക്കുന്നതാണ്. ഇതേ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും വരും ദിനങ്ങളിലും വിമാന സർവീസുകളിലെ യാത്രികരെ നിശ്ചയിക്കുകയെന്നും എംബസ്സി വ്യക്തമാക്കി. യു എ എയിൽ നിന്ന് മാത്രം 2 ലക്ഷത്തോളം പേർ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതിനാൽ, യു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികളോട് പൂർണ്ണമായും സഹകരിക്കണമെന്ന് എംബസ്സി അഭ്യർത്ഥിച്ചു.
ഈ യാത്രാ നടപടികൾ സംബന്ധിച്ച സംശയ നിവാരണത്തിനായി താഴെ പറയുന്ന മാർഗങ്ങളിലൂടെ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.
- Pravasi Bharatiya Sahayata Kendra: 80046342 (Toll Free)
- Embassy: Covid-19 helpline: +971-508995583
- Email: help.abudhabi@mea.gov.in
- Consulate: Covid-19 helplines: +971-565463903, 543090575
- Email: cons2.dubai@mea.gov.in