കേന്ദ്ര ബഹിരാകാശ, ശാസ്ത്ര-സാങ്കേതിക മന്ത്രി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവുമായി കൂടിക്കാഴ്ച്ച നടത്തി

GCC News

കേന്ദ്ര ബഹിരാകാശ, ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയിൽ നിന്ന് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുള്ള ഒരു ഔദ്യോഗിക സന്ദേശം ഡോ. ജിതേന്ദ്ര സിങ്ങ് ഡോ. അൻവർ ഗർഗാഷിന് കൈമാറി.

ഇന്ത്യയും യു എ ഇയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും അവ വികസിപ്പിക്കുന്നതിനുള്ള വിവിധ സാധ്യതകൾ വിലയിരുത്തുന്നതാണ് ഈ ഔദ്യോഗിക സന്ദേശം. കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

WAM